Faith And Reason - 2024
സിനഡില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം വിവരിച്ച് കൊറിയൻ ബിഷപ്പ്
പ്രവാചകശബ്ദം 11-10-2021 - Monday
റോം: മൂന്നു ഘട്ടങ്ങളായി നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ആദ്യത്തെ ഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം വിവരിച്ച് കൊറിയൻ ബിഷപ്പും വൈദികർക്കു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനും, ദക്ഷിണ കൊറിയയിൽ നിന്നുള്ള മെത്രാനുമായ ലാസറസ് യു ഹ്യൂങ് സിക്ക്. അവിശ്വാസികളായ മാതാപിതാക്കൾക്കാണ് താന്‍ ജനിച്ചതെന്നും ജീവിതത്തില്‍ ലഭിച്ച ബോധ്യങ്ങളുടെ വെളിച്ചത്തില്‍ പതിനാറാം വയസ്സില്‍ മാമോദിസ സ്വീകരിക്കുകയായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ കൊറിയന്‍ രക്തസാക്ഷിയായ വിശുദ്ധ ആൻഡ്രൂ കിം ടൈഗോണിന്റെ പേരിലുള്ള വിദ്യാലയത്തിലാണ് പഠിച്ചതെന്നും, വിശുദ്ധന്റെ ജീവിതം തന്നെ സ്പർശിച്ചുവെന്നും അദ്ദേഹം വിവരിച്ചു. 1966ലെ ക്രിസ്മസ് രാത്രിയിലായിരുന്നു ലാസറസിന്റെ ജ്ഞാനസ്നാന സ്വീകരണം. കുടുംബത്തിലെ ആദ്യത്തെ ക്രൈസ്തവ വിശ്വാസിയായി അദ്ദേഹം മാറുകയായിരുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്ന് വർഷങ്ങൾക്ക് ശേഷം സിയോളിലെ സെമിനാരിയിൽ വൈദിക പഠനത്തിനുവേണ്ടി ചേർന്നു. ആദ്യം ഇത് കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഇതിനിടയിൽ സൈന്യത്തിലും സേവനം ചെയ്യേണ്ടിവന്നു. തന്റെ ജീവിതസാക്ഷ്യം നൂറുകണക്കിന് പട്ടാളക്കാരെ സഭയിലേക്ക് ആകർഷിക്കാൻ കാരണമായെന്ന് ലാസറസ് യു ഹ്യൂങ് സിക്ക് പറഞ്ഞു. യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതും, എല്ലാറ്റിനേക്കാളും ഉപരിയായി കുരിശിൽ മരിച്ചതും തന്റെ വൈദിക ജീവിതത്തിൽ പ്രചോദനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു.
കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ല രാജിവെച്ച ഒഴിവിൽ ഓഗസ്റ്റ് 19നാണ് കോൺഗ്രിഗേഷൻ തലവനായി ലാസറസ് യു ഹ്യൂങ് സിക്കിനെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നത്. വൈദികൻ വിശ്വാസി സമൂഹത്തിന്റെ പിതാവ് ആയിരിക്കണമെന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭ എന്നാൽ ഒരു കുടുംബം ആണെന്ന് ബോധ്യം തനിക്കുണ്ടെന്നും, മനുഷ്യരുടെ കണ്ണുനീർ കേൾക്കുക, അവഗണന നേരിടുന്നവരെ സഹായിക്കുക, വിശ്വാസികളോട് ഒപ്പം നടക്കുക തുടങ്ങിയവയാണ് സിനഡിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന സഭയുടെ കർത്തവ്യം എന്നും കൊറിയൻ മെത്രാൻ പറഞ്ഞു. പുതിയ പെന്തക്കുസ്തായ്ക്ക് വേണ്ടിയുള്ള വാതിൽ സിനഡ് പ്രയാണത്തിൽ തുറന്നു കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.