News - 2024

മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് ആദ്യം സ്വയം കണ്ണാടിയിൽ നോക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 21-06-2016 - Tuesday

വത്തിക്കാന്‍: മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് നാം ആദ്യം കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അതിനു ശേഷം മാത്രമേ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനോ ന്യായംവിധിക്കുവാനോ ശ്രമിക്കാവു എന്ന് അദ്ദേഹം പറഞ്ഞു. സാന്താ മാര്‍ത്ത ഹൗസില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. സ്വന്തം കണ്ണിലെ തടികഷ്ണം എടുക്കാതെ സഹോദരന്റെ കണ്ണില്‍ വീണ ചെറിയ കരടിനെ കുറിച്ച് കുറ്റപ്പെടുത്തുന്നവരെ പറ്റി ക്രിസ്തു പറഞ്ഞ വാക്കുകള്‍ പാപ്പ പ്രത്യേകം സൂചിപ്പിച്ചു. ഇതിന്റെ വെളിച്ചത്തില്‍ നിന്നാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്.

"നാം എല്ലാവരും കണ്ണാടിയില്‍ ഒന്നു നോക്കണം. മുഖത്ത് ചായങ്ങളോ അലങ്കാര വസ്തുക്കളോ കൊണ്ടുള്ള മിനുക്കു പണികള്‍ ഒന്നും നടത്തരുത്. മുഖത്തെ നിങ്ങളുടെ ചുളിവുകള്‍ കാണുക എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ വേണ്ടിയല്ല ഞാന്‍ ഇതു പറയുന്നത്. കണ്ണാടിയില്‍ നോക്കി നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ ഇറങ്ങി ചെല്ലണം. അപ്പോള്‍ മാത്രമേ ഏതെല്ലാം മേഖലയില്‍ നമ്മള്‍ കുറ്റവും കുറവുമുള്ളവരാണെന്നു മനസിലാക്കുവാന്‍ സാധിക്കുകയുള്ളു". പരിശുദ്ധ പിതാവ് പറഞ്ഞു.

"ന്യായവിധികള്‍ നടത്തുവാന്‍ അധികാരമുള്ളത് ദൈവത്തിനു മാത്രമാണ്. അവിടുന്ന് കരുണയുള്ള ന്യായാധിപനാണ്. നാം ദൈവത്തിന്റെ സ്ഥാനത്ത് കയറി ഇരുന്ന് ന്യായംവിധിക്കുവാന്‍ അവിടുന്ന് താല്‍പര്യപ്പെടുന്നില്ല. കാരണം നമ്മള്‍ ന്യായംവിധിക്കുന്നത് മനുഷ്യരേ പോലെയാണ്. കരുണ തീരെയില്ലാത്ത വിധികള്‍ മാത്രമേ നമ്മള്‍ നടത്തുകയുള്ളു. എന്നാല്‍ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലും ദയയിലും കരുണയിലും അടിസ്ഥാനപ്പെടുത്തിയായിരിക്കും ക്രിസ്തു ന്യായം വിധിക്കുക". പിതാവ് ഓര്‍മ്മിപ്പിച്ചു.

നാം അളക്കുന്ന അതേ അളവിനാല്‍ നമുക്കും അളന്നു ലഭിക്കുമെന്ന ദൈവവചനവും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. ഈ കാര്യങ്ങളെ കുറിച്ച് എല്ലാം നമുക്ക് കൂടുതലായി മനസിലാക്കുവാനുള്ള കൃപ ദൈവം നല്‍കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പിതാവ് തന്റെ ലഘു പ്രസംഗം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 51