Faith And Reason - 2024
പതിവ് തെറ്റില്ല: 10 ലക്ഷം ജപമാലകളുമായി ‘എ മില്യൺ ചിൽഡ്രൻ പ്രേയിംഗ് ദ റോസറി’ 18ന്
പ്രവാചകശബ്ദം 16-10-2021 - Saturday
ഡബ്ലിന്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്‍പ്പെടെ വിവിധ ലോക രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ പ്രത്യേകമാം വിധം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ‘എ മില്യൺ ചിൽഡ്രൻ പ്രേയിംഗ് ദ റോസറി’ ഒക്ടോബര്‍ 18ന് നടക്കും. ആഗോള തലത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടിപ്പിക്കുന്ന ജപമാലയജ്ഞത്തിലാണ് കുട്ടികള്‍ ഇത്തവണയും പങ്കെടുക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ പ്രാർത്ഥന തൊടുത്തു വിട്ട അമ്പ് പോലെ നേരെ ദൈവ ഹൃദയത്തിലേക്കെത്തും എന്നതിനാൽ അതിന്റെ സ്വാധീനം വലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൌത്യത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
അട്ടിമറിക്ക് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സമയങ്ങളിൽ ജപമാലയുടെ ശക്തി വലിയ സഹായകരമാകുമെന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ നേതാവ് എസിഎന് എഴുതിയ കത്തില്‍ പറയുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു കീഴിൽ പരിശുദ്ധ ദൈവമാതാവിന്റെ കരത്തോട് കരംചേർത്ത് ജപമാല അർപ്പിക്കാനാണ് ഈ വർഷം കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കുന്നതെന്ന് എയിഡ് ടോ ദി ചര്‍ച്ച് ഇന്‍ നീഡ് സംഘടനയുടെ പ്രസിഡന്റ് കർദ്ദിനാൾ മൗറോ പിയസെൻസ വ്യക്തമാക്കി.
2005ൽ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് കുട്ടികളുടെ ജപമാലയത്നത്തിന് തുടക്കം കുറിച്ചത്. വഴിയരികിലെ ഒരു ദേവാലയത്തിലിരുന്ന് കുറേ കുട്ടികൾ ജപമാല ചൊല്ലിയപ്പോൾ അടുത്തുണ്ടായിരുന്ന അനേകം സ്ത്രീകൾക്ക് കന്യാമേരിയുടെ സാന്നിധ്യം ശക്തമായി അനുഭവപ്പെട്ടതും “ഒരു ദശ ലക്ഷം കുട്ടികൾ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ലോകത്തിന് മാറ്റം സംഭവിക്കും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളുമാണ് ജപമാലയത്നത്തിന് വഴിക്കാട്ടിയായി മാറിയത്.