Faith And Reason - 2024

രാഷ്ട്രീയ അനുഭാവങ്ങൾക്ക് ഉപരിയായി കത്തോലിക്ക വിശ്വാസത്തിന് പ്രാധാന്യം നൽകണമെന്ന് മുൻ യുഎസ് കോൺഗ്രസ് അംഗം

പ്രവാചകശബ്ദം 15-11-2021 - Monday

ന്യൂയോര്‍ക്ക്: നാം ജീവിക്കുന്ന സമൂഹത്തിൽ രാഷ്ട്രീയ അനുഭാവങ്ങൾക്ക് ഉപരിയായി കത്തോലിക്ക വിശ്വാസത്തിന് പ്രാധാന്യം നൽകണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ കോൺഗ്രസ് അംഗം ഡാൻ ലിപിൻസ്കി. നവംബർ പന്ത്രണ്ടാം തീയതി നോട്ടർ ഡാം യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഡ നിക്കോള ഫാൾ കോൺഫ്രൻസിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ ഇടയിൽ ദൈവ വിശ്വാസം കുറഞ്ഞത് 'രാഷ്ട്രീയത്തെ ദൈവമായി' കാണാൻ അവർക്ക് പ്രേരണ നൽകുന്നുണ്ടെന്ന് ലിപിൻസ്കി ചൂണ്ടിക്കാട്ടി. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാതെ പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്ന നിരവധി ആളുകൾ ഇടതുപക്ഷത്തും, വലതുപക്ഷത്തും രൂപമെടുത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ പ്രവണത കൂടുതലും ഇടതുപക്ഷ ചായ്‌വുള്ള ആളുകളിലാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള വോട്ടർമാർ പാർട്ടികളുടെ നയങ്ങൾ മാത്രമല്ല, സ്വന്തം മതമോ, ലിംഗമോ പോലും പാർട്ടിക്ക് താഴെയാണ് കാണുന്നതെന്നും അമേരിക്കൻ ജേർണൽ ഓഫ് പൊളിറ്റിക്കൽ സയൻസ് 2019ൽ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ചുകൊണ്ട് ഡാൻ ലിപിൻസ്കി പറഞ്ഞു. മറുപക്ഷത്തോടുള്ള വെറുപ്പാണ് ഇവരെ ഒരുമിപ്പിക്കുന്നത്. ഒരു മതമായി പാർട്ടിയെ കാണാൻ ഇവർക്ക് പ്രേരണ ലഭിക്കുന്നു. അതിനു സാധിക്കാത്തവർ പുറത്താക്കപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ പ്രോലൈഫ് നിലപാടുകളുള്ള ചുരുക്കം ചില നേതാക്കന്മാരിൽ ഒരാളായിരുന്നു ലിപിൻസ്കി.

ഈ വർഷം നടന്ന പ്രൈമറി ഇലക്ഷനിൽ ഭ്രൂണഹത്യ അനുകൂല നിലപാടുകളുളള മേരി ന്യൂമാനോട് ഡാൻ ലിപിൻസ്കി പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് അംഗമായി 16 വർഷം നീണ്ട കാലയളവിൽ കത്തോലിക്ക വിശ്വാസത്തിൽ അനുസൃതമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് കോൺഗ്രസിലേക്ക് പോയത്. എന്നാൽ നിലപാടുകളിൽ ഉറച്ചു നിന്നു. പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാട് താൻ സ്വീകരിച്ചതിനെ വഞ്ചനയായി വിശേഷിപ്പിച്ച ആളുകൾ ഡെമോക്രാറ്റിക് പാർട്ടിയിൽ ഉണ്ടെന്ന് ലിപിൻസ്കി പറഞ്ഞു. ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗം എന്നതിനേക്കാൾ ഉപരിയായി കത്തോലിക്ക വിശ്വാസം പിന്തുടരുക എന്നതിനാണ് താൻ പ്രാധാന്യം നൽകിയതും അദ്ദേഹം വ്യക്തമാക്കി. എട്ട് ടേമിലായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡാൻ ലിപിൻസ്കി.

More Archives >>

Page 1 of 60