News - 2025
യുദ്ധം അവസാനിപ്പിക്കുന്നതിനായി പാപ്പ മധ്യസ്ഥം വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുക്രൈന്‍ സര്‍ക്കാര്‍
പ്രവാചകശബ്ദം 18-03-2022 - Friday
റോം: റഷ്യയും യുക്രൈനും തമ്മിലുള്ള രക്തരൂക്ഷിതമായ യുദ്ധം മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ മധ്യസ്ഥം വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുക്രൈന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി യുക്രൈന്‍ തലസ്ഥാനമായ കീവിലെ മേയര്‍ വിറ്റാലി ക്ളിസ്ത്കോ ഫ്രാന്‍സിസ് പാപ്പയെ കീവിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഒരു ആത്മീയ നേതാവെന്ന നിലയില്‍, അനുകമ്പ പ്രകടിപ്പിക്കുവാനും, സമാധാനത്തിനുള്ള ആഹ്വാനം സംയുക്തമായി പ്രചരിപ്പിച്ചുകൊണ്ട് യുക്രൈന്‍ ജനതക്കൊപ്പം നിലകൊള്ളുവാനും അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്ളിസ്ത്കോയുടെ മാര്‍ച്ച് 8-ലെ കത്തില്‍ പറയുന്നു. കീവ് മേയറുടെ കത്ത് ലഭിച്ച വിവരം വത്തിക്കാനും അംഗീകരിച്ചിട്ടുണ്ട്.
കീവിലേക്കുള്ള യാത്ര സാധ്യമല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുകയോ, തത്സമയ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന ഒരു സംയുക്ത വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കണമെന്നും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്കിയെ അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും കത്തില്‍ പറയുന്നു. പാപ്പയും, പാപ്പയുടെ അടുത്ത ഉപദേശകരും റഷ്യന്‍-യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരിന്നു. പാപ്പയുടെ ദാനധര്‍മ്മ കാര്യസ്ഥനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രായേവ്സ്കിയേയും, കര്‍ദ്ദിനാള്‍ മൈക്കേല്‍ സെര്‍ണിയേയും കഴിഞ്ഞയാഴ്ച പാപ്പ ഉക്രൈനിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ഇതാദ്യമായല്ല ക്ലിസ്ത്കൊ കീവ് സന്ദര്‍ശിക്കുവാന്‍ പാപ്പയെ ക്ഷണിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം, ദലായി ലാമ, ഇസ്രായേലിലെ മുഖ്യ റബ്ബി, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍ തുടങ്ങിയവരെ കീവിലേക്ക് ക്ഷണിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 5-ന് ക്ളിസ്ത്കൊ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ ആഗ്രഹിച്ചിരുന്നതായി യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മെത്രാപ്പോലീത്ത സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു.
സമാധാനത്തിന്റെ ദൂതനെന്ന നിലയിലാണ് ലോകം ഫ്രാന്‍സിസ് പാപ്പയെ കാണുന്നതെന്നും, പാപ്പ ഉക്രൈനില്‍ വന്നാല്‍ യുദ്ധം അവസാനിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരിന്നു. സമാധാനത്തിനായി തന്റെ സാന്നിധ്യം ആവശ്യമായി വന്നാല്‍ എവിടെ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ യാതൊരു ഭയവുമില്ലാത്ത വ്യക്തിയാണ് താനെന്ന് 2015-ല്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന തെക്കന്‍ സുഡാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പ വ്യക്തമാക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക