News - 2025
റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠ: പങ്കുചേരാന്‍ ആഗോള മെത്രാന്മാരെയും വൈദികരെയും ക്ഷണിച്ച് പാപ്പ
പ്രവാചകശബ്ദം 18-03-2022 - Friday
വാഷിംഗ്‌ടണ്‍ ഡി.സി: റഷ്യ - യുക്രൈന്‍ പ്രതിസന്ധിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് മാര്‍ച്ച് 25ന് ഫ്രാന്‍സിസ് പാപ്പ ഇരുരാഷ്ട്രങ്ങളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഭാഗഭാക്കാകുവാന്‍ മെത്രാന്മാരേയും വൈദികരെയും ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. യു.എസ് മെത്രാന്‍ സമിതിക്ക് അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ക്രിസ്റ്റഫര്‍ പിയറെ പങ്കുവെച്ച കത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് . ശ്രേഷ്ഠ പിതാവേ, എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്തില്‍, റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ദിവ്യകര്‍മ്മങ്ങളില്‍ മെത്രാന്മാര്‍ എല്ലാവരും, വൈദികര്‍ക്കൊപ്പം സമര്‍പ്പണത്തില്‍ പങ്കെടുക്കണമെന്ന് പാപ്പക്ക് ആഗ്രഹമുണ്ടെന്നും റോമന്‍ സമയം വൈകുന്നേരം 5 മണിക്ക് എല്ലാവരും ഈ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കണമെന്നുമാണ് ന്യൂണ്‍ഷോ ഇന്നലെ മാര്‍ച്ച് 17നു പുറപ്പെടുവിച്ച കത്തില്‍ പറയുന്നത്.
വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥന അടങ്ങിയ ഒരു ക്ഷണക്കത്ത് വരും ദിവസങ്ങളില്‍ എല്ലാ മെത്രാന്മാര്‍ക്കും പാപ്പ അയക്കുമെന്നും, മെത്രാന്‍ സമിതിയിലെ എല്ലാ മെത്രാന്മാരെയും, അവരിലൂടെ രാജ്യത്തെ വിവിധ രൂപതകളിലെ വൈദികരെയും പരിശുദ്ധ പിതാവിന്റെ ക്ഷണത്തെക്കുറിച്ച് അറിയിക്കുവാന്‍ വേണ്ടിയാണ് താനിപ്പോള്‍ ഈ കത്തെഴുതുന്നതെന്നും ബിഷപ്പ് പിയറെ യു.എസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് ആര്‍ച്ച് ബിഷപ്പുമായ ജോസ് എച്ച് ഗോമസിനയച്ച കത്തില്‍ പറയുന്നു. ഇതേ വിവരം തന്നെ വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഫെഡറല്‍ അധികാരികളുമായും, തലസ്ഥാന നഗരിയിലെ നയതന്ത്ര വൃന്ദങ്ങളുമായും പങ്കുവെക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
സമര്‍പ്പണ ദിവസം ഉച്ചക്ക് 12 മണിക്ക് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് ബസലിക്കയില്‍ വെച്ച് വാഷിംഗ്‌ടണ്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എല്ലാ നയതന്ത്രജ്ഞരേയും ക്ഷണിക്കുമെന്ന്‍ പറഞ്ഞുകൊണ്ടാണ് അപ്പസ്തോലിക ന്യൂണ്‍ഷോയുടെ കത്ത് അവസാനിക്കുന്നത്. യുക്രൈനിലെ മെത്രാന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 25-ന് വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയേയും യുക്രൈനേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നത്. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുരാഷ്ട്രങ്ങളുടേയും സമര്‍പ്പണത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.