News - 2025

തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ കന്യാസ്ത്രീകൾക്ക് വേണ്ടി ആയുധധാരികൾ വിലപേശൽ തുടരുന്നു: പ്രാർത്ഥനയോടെ സഭ

പ്രവാചകശബ്ദം 24-03-2022 - Thursday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടൻ സന്യാസിനികളുടെ മോചനം ഇതുവരെ ഫലം കണ്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള ‘നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക്’ (എന്‍.സി.എന്‍) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയന്‍ മെത്രാന്‍ സമിതിക്കും, കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയക്കും (സി.എസ്.എന്‍), നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സിനും (എന്‍.സി.എന്‍) എവു ഇഷാന്‍ ആശ്രമത്തിലെ പ്രിയോര്‍ കഴിഞ്ഞ ദിവസം വൈകിട്ട് കൈമാറിയ ഏറ്റവും പുതിയ വിവരമനുസരിച്ച് ഇരുപത് മില്യൺ നൈറ ($ 48,000.00) ആണ് തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്രവലിയ തുക തങ്ങളുടെ പക്കല്‍ ഇല്ലെന്നും, പാവപ്പെട്ടവരായ തങ്ങള്‍ ചാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നതെന്നും സന്യാസിനികൾ അറിയിച്ചു. കോഗിയിലെ ബെനഡിക്ടന്‍ ആശ്രമത്തിലെ കന്യാസ്ത്രീകൾ അപേക്ഷിച്ചതിനെ തുടര്‍ന്ന്‍ മോചനദ്രവ്യം 45,600 ഡോളറായി കുറച്ചിട്ടുണ്ട്. ചെറിയ തുക നൽകാമെന്ന ആശ്രമ നേതൃത്വത്തിന്റെ വാഗ്ദാനം നിരസിച്ച അക്രമികൾ ഈ തുക ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളുടെ ശവസംസ്കാരത്തിനു ഉപയോഗിക്കാമെന്ന് പറഞ്ഞതായും  ‘എന്‍.സി.എന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തോക്കുകളുമായി അഞ്ചു ഫുലാനി ആയുധധാരികൾ മഠം വളഞ്ഞു ആക്രമിച്ചത്. വെടിയൊച്ച കേട്ടറിഞ്ഞ ഗ്രാമവാസികൾ സഹായിക്കാനെത്തിയെങ്കിലും തോക്കുധാരികൾ വെടിയുതിർക്കുന്നതിന്റെ രോഷം കണ്ട് അവർ ജീവനും കൊണ്ട് ഓടി. അവസാനം നാലു സന്യാസിനികളെ ഇവർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിലപേശലിനിടയില്‍ ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളുടെ കരച്ചിലിന്റെ ശബ്ദം തങ്ങള്‍ ഫോണിലൂടെ കേട്ടുവെന്നു കന്യാസ്ത്രീകൾ പറയുന്നു. മോചനദ്രവ്യം നല്‍കുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവര്‍ ഇതൊരു ലാഭകരമായ തൊഴിലാക്കി മാറ്റുമെന്നും, മോചനദ്രവ്യം നല്‍കിയിട്ടും ബന്ധിയെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ദൈവത്തെ വിളിച്ചപേക്ഷിക്കുക മാത്രമാണ് ഏറ്റവും നല്ല പോംവഴിയെന്നും സന്യാസസമൂഹത്തിന്റെ നേതൃത്വം കൂട്ടിച്ചേര്‍ത്തു.

മുന്‍ ആനംബ്ര സംസ്ഥാന ഗവര്‍ണര്‍ പീറ്റര്‍ ഒബി തട്ടിക്കൊണ്ടുപോകലിനെ നിശിതമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ബന്ധിയാക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന്‍ പറഞ്ഞ ഒബി രാജ്യത്ത് കുറ്റകൃത്യങ്ങള്‍ എത്രകണ്ട് വളര്‍ന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാലും തട്ടിക്കൊണ്ടു സംഭവങ്ങൾ കൊണ്ടും പൊറുതിമുട്ടിയ രാജ്യമാണ് നൈജീരിയ. കത്തോലിക്ക വൈദികരെയോ സന്യാസിനികളെയോ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യമായി യാതൊന്നും നല്‍കുകയില്ലെന്നതാണ് നൈജീരിയയിലെ കത്തോലിക്ക സഭയുടെ പൊതുവെയുള്ള നിലപാട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 747