News

ഇന്നു നടക്കാന്‍ പോകുന്നത് 38 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിമലഹൃദയ പ്രതിഷ്ഠ: റഷ്യയെ മുന്‍പ് സമര്‍പ്പിച്ചിട്ടുള്ളത് 4 പ്രാവശ്യം

പ്രവാചകശബ്ദം 25-03-2022 - Friday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍വെച്ച് റഷ്യയേയും യുക്രൈനേയും ഇന്നു മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, മുന്‍പ് നടന്ന സമര്‍പ്പണങ്ങളും ചര്‍ച്ചയാകുന്നു. 1917-ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട മാതാവ്, മറ്റൊരു ലോകമഹായുദ്ധം തടയുവാനായി റഷ്യയെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാനും, എല്ലാ ആദ്യ ശനിയാഴ്ചകളിലും ലോകപാപങ്ങള്‍ക്ക് പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കുവാനും ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത കാലങ്ങളിലായി ഇതിനു മുന്‍പ് നാല് പ്രാവശ്യമാണ് റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

1942 ഒക്ടോബര്‍ 31-നാണ് റഷ്യയെ ആദ്യമായി പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ ഒരു റേഡിയോ സന്ദേശത്തിലൂടെയാണ് ഈ സമര്‍പ്പണം നടത്തിയത്. സന്ദേശം പോര്‍ച്ചുഗലിലേക്കും, പ്രാദേശിക മെത്രാന്മാര്‍ക്കും അയക്കുകയുണ്ടായി. 1952 ജൂലൈ 7-നായിരുന്നു രണ്ടാമത്തെ സമര്‍പ്പണം. അടിമകളുടെ അപ്പസ്തോലന്‍മാരായ വിശുദ്ധ സിറിലിന്റേയും, വിശുദ്ധ മെത്തോഡിയൂസിന്റേയും തിരുനാള്‍ ദിനത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ തന്നെയാണ് റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ അപ്പസ്തോലിക സന്ദേശത്തിലൂടെ റഷ്യയെ മുഴുവനുമായി മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.

1964 നവംബര്‍ 21-നായിരുന്നു മൂന്നാമത്തെ സമര്‍പ്പണം. രണ്ടാം വത്തിക്കാന്‍ സുനഹദോസ് പിതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോള്‍ ആറാമന്‍ പാപ്പയാണ് റഷ്യയുടെ സമര്‍പ്പണം നവീകരിച്ചത്. ഇതിന്റെ ഓര്‍മ്മക്കായി ഒരു ഗോള്‍ഡന്‍ റോസ് ഫാത്തിമായിലേക്ക് അയക്കുകയും ചെയ്തിരുന്നു. 1984 മാര്‍ച്ച് 25-നാണ് റഷ്യയെ അവസാനമായി മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ റഷ്യയെ ലോകത്തെ മുഴുവനും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുകയായിരുന്നു. 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നു വീണ്ടും വിമലഹൃദയ പ്രതിഷ്ഠയ്ക്കു വേദിയാകുകയാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക.

തിരുകര്‍മ്മങ്ങളില്‍ നമ്മുക്കും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരാം.

(തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്).

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 748