News - 2024
ധാക്കയിലും ബാഗ്ദാദിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 04-07-2016 - Monday
വത്തിക്കാന്‍: ബംഗ്ലാദേശിലും ഇറാഖിലുമായി നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തു കൂടിയ ആയിരങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികളോടുള്ള തന്റെ അനുശോചനം പാപ്പ രേഖപ്പെടുത്തിയത്.
"ധാക്കയിലും ബാഗ്ദാദിലും കൊല്ലപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. പ്രിയപ്പെട്ടവരുടെ അകാല വിയോഗത്തില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. വെറുപ്പും വിദ്വേഷവും മൂലം ഹൃദയത്തില്‍ ഇരുട്ട് ബാധിച്ചവരുടെ മാനസാന്തരത്തിന് വേണ്ടിയും നമുക്ക് ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു പ്രമുഖ റസ്റ്റോറന്‍ഡ് കേന്ദ്രീകരിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ റസ്‌റ്റോറന്‍ഡിലുള്ളവരെ ബന്ധികളാക്കുകയായിരുന്നു. ധാക്കയില്‍ 20 ആളുകളെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ച അതിരാവിലെയാണ് ചാവേര്‍ സ്ഫോടനം ഉണ്ടായത്. ഇതില്‍ 150-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.