News - 2025

ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാന്‍ സ്വാമിക്ക് മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പ്രത്യേക ബഹുമതി

പ്രവാചകശബ്ദം 01-06-2022 - Wednesday

ജെനീവ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു മരണാനന്തര ബഹുമതി. "മനുഷ്യാവകാശത്തിനുള്ള നോബൽ സമ്മാനം" എന്ന് വിളിക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരത്തിന് പുറമേയുള്ള പ്രത്യേക ബഹുമതിയ്ക്കാണ് ഫാ. സ്റ്റാന്‍ സ്വാമിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ഫാ. സേവ്യർ സോറെങ് SJ (RAN) ബഹുമതി ഏറ്റുവാങ്ങും.

2021-ല്‍ പുരസ്ക്കാരത്തിന് ഫാ. സ്റ്റാൻ സ്വാമി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അതിലേക്ക് എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുവെന്ന് അവാർഡ് ജൂറി ചെയർ ഹാൻസ് തൂലെൻ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഫാ. സ്റ്റാന്‍ നടത്തിയ പോരാട്ടങ്ങള്‍ അതുല്യമാണെന്നും അതിലേക്കു വെളിച്ചം വീശാൻ ജൂറി ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.

എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.

ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.

More Archives >>

Page 1 of 761