News
നൈജീരിയന്‍ സഭയ്ക്കു പിന്തുണയുമായി യുഎസ് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 12-06-2022 - Sunday
വാഷിംഗ്‌ടണ്‍ ഡിസി: നൈജീരിയയിലെ ഒണ്‍ണ്ടോ സംസ്ഥാനത്തിലെ ഓവോയില്‍ പെന്തക്കുസ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ നൈജീരിയന്‍ മെത്രാന്‍ സമിതിക്ക് പിന്തുണയുമായി യു.എസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിറ്റി. നൈജീരിയന്‍ മെത്രാന്‍ സമിതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിറ്റിയുടെ ചെയര്‍മാനും, റോക്ക്ഫോര്‍ഡ് മെത്രാനുമായ ഡേവിഡ് ജെ. മാല്ലോയ് അയച്ച കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
ദുഃഖകരമെന്ന് പറയട്ടെ - വര്‍ദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങളോട് നൈജീരിയ പരിചിതമായി കൊണ്ടിരിക്കുകയാണ്. ജീവനാശത്തിനു പുറമേ, ഇത്തരം രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ വിരളമായ നൈജീരിയയുടെ തെക്കന്‍ ഭാഗത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും റോക്ക്ഫോര്‍ഡ് മെത്രാന്‍ ചൂണ്ടിക്കാട്ടി. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മതനിന്ദയുടെ പേരില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവത്തെക്കുറിച്ചും ഇതേ തുടര്‍ന്നു വിവിധ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ കാര്യവും മെത്രാന്‍ പരാമര്‍ശിച്ചു.
ബൊക്കോഹറാമിന്റേയും, സായുധ സംഘടനകളുടെയും തീവ്രവാദി ആക്രമണങ്ങളെ തടയുന്നതിനും, കാലിമേക്കുന്നവര്‍ക്കും, കൃഷിക്കാര്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും, വിശ്വസനീയവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ശ്രമങ്ങളെ വര്‍ഷങ്ങളായി ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിറ്റി സഹായിച്ചു വരികയാണ്. കമ്മിറ്റി അംഗങ്ങള്‍ നൈജീരിയ സന്ദര്‍ശിക്കുകയും, നൈജീരിയന്‍ സഭാ നേതാക്കളെ വാഷിംഗ്‌ടണില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റോക്ക്ഫോര്‍ഡ് മെത്രാന്റെ പ്രസ്താവനയില്‍ പറയുന്നു.
മരിച്ചവരുടെ ആത്മാക്കളെ ദൈവകരുണയിലേക്ക് സമര്‍പ്പിക്കുന്നതിലും, ദുഃഖാര്‍ത്തരായവര്‍ക്ക് ദൈവനാമത്തില്‍ ആശ്വാസവും, സൗഖ്യവും അപേക്ഷിക്കുന്നതിലും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയോടൊപ്പം തങ്ങളും പങ്കുചേരുന്നുവെന്നും, നൈജീരിയന്‍ സഭയിലെ സഹോദരീ-സഹോദരന്‍മാരെ സഹായിക്കുവാന്‍ യു.എസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിറ്റി പ്രാര്‍ത്ഥനാപൂര്‍വ്വം ദൃഡ നിശ്ചയം ചെയ്തിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് റോക്ക്ഫോര്‍ഡ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്.