Faith And Reason - 2024

നൂറു വർഷമായി മുടങ്ങാതെ വിശുദ്ധ അന്തോണീസിനോട് മധ്യസ്ഥ പ്രാർത്ഥന നടത്തുന്ന സന്യാസികൾ; വിശ്വാസ സാക്ഷ്യവുമായി ഫ്രാൻസിസ്കൻ സമൂഹം

പ്രവാചകശബ്ദം 13-06-2022 - Monday

ന്യൂയോർക്ക്: നൂറു വർഷമായി എല്ലാ ദിവസവും തുടർച്ചയായി പാദുവായിലെ വിശുദ്ധ അന്തോണീസിനോട് മധ്യസ്ഥ പ്രാർത്ഥന ചൊല്ലുന്ന ന്യൂയോർക്കിലെ ഒരുകൂട്ടം സന്യാസികൾ മാധ്യമ ശ്രദ്ധ നേടുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം സ്വീകരിച്ച് ദൈവദാസനായ ഫാ. പോൾ വാട്സൺ രൂപംനൽകിയ ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി അറ്റോൺമെന്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് അനുദിനം പ്രാർത്ഥനകൾ നയിക്കുന്നത്. ഇപ്പോൾ 65 സന്യാസികളാണ് ഇതിൽ അംഗങ്ങളായുള്ളത്. 1898ൽ എപ്പിസ്കോപ്പൽ സഭയുടെ ഭാഗമായി ആംഗ്ലിക്കൻ പാരമ്പര്യത്തിൽ സ്ഥാപിതമായ സമൂഹത്തിലെ അംഗങ്ങൾ പത്തു വർഷങ്ങൾക്കുശേഷം കത്തോലിക്ക സഭയിലേയ്ക്ക് കടന്നുവരികയായിരുന്നു.

1912 ലാണ് വിശുദ്ധ അന്തോണീസിനോടു മാധ്യസ്ഥ സഹായം യാചിക്കുവാന്‍ തുടങ്ങുന്നത്. ഒരിക്കൽ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള ചാപ്പലിൽ പുതിയതായി സ്ഥാപിച്ച വിശുദ്ധ അന്തോണീസിന്റെ രൂപത്തിന് മുന്നിൽ ഫാ. വാട്സൺ പ്രാർത്ഥിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മരണത്തെ മുഖാമുഖം കാണുന്ന അന്തോണി എന്ന് പേരുള്ള ഒരു കുട്ടിയുടെ അമ്മ മറ്റാരോ വഴി പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് ഒരു കത്ത് അദ്ദേഹത്തിന് കൈമാറി. ഫാ. വാട്സൺ ഉടനെ തന്നെ ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് നിൽക്കുന്ന വിശുദ്ധ അന്തോണീസിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി കുഞ്ഞിന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർച്ചയായി വൈകുന്നേരങ്ങളിൽ അദ്ദേഹവും, സഹ സന്യാസികളും ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചു.

രണ്ടാഴ്ചകൾക്ക് ശേഷം കുട്ടി സുഖം പ്രാപിച്ച സന്തോഷം അറിയിച്ചുകൊണ്ട് ആ അമ്മ വീണ്ടും കത്തയച്ചു. ഇതിനുശേഷമാണ് സെന്റ് ആന്റണീസ് കോർണർ എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് വിശുദ്ധനോട് നൊവേന പ്രാർത്ഥന ചൊല്ലാൻ സന്യാസികൾ ആരംഭിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നാലുലക്ഷത്തോളം പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാവർഷവും ലഭിക്കാറുണ്ടെന്ന് സന്യാസ സമൂഹത്തിന്റെ മിനിസ്റ്റർ ജനറൽ പദവി വഹിക്കുന്ന ഫാ. ബ്രയാൻ ടെറി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ ന്യൂയോർക്കിലെ ഗാരിസണിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി അറ്റോൺമെന്റ് സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒത്തുചേരും. 2019ന് ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ഒത്തുചേരൽ നടക്കുന്നത്. ആളുകൾ മെഴുകുതിരിയും ആയിട്ടാണ് ഇവിടേയ്ക്ക് എത്തുന്നതെന്നും, അതാണ് ഇവിടത്തെ വലിയ ഒരു പാരമ്പര്യമെന്നും ഫാ. ബ്രയാൻ വിശദീകരിച്ചു. 1960ൽ സ്ഥാപിതമായ 400 ഏക്കറിലായി പരന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസ് ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നിൽക്കുന്ന വലിയൊരു .രൂപവും സ്ഥാപിച്ചിട്ടുണ്ട്.

More Archives >>

Page 1 of 70