News - 2025

ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവെച്ചതിൽ പാപ്പയുടെ ക്ഷമാപണം

പ്രവാചകശബ്ദം 14-06-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ജൂലൈ 2 - 7 വരെ തീയതികളില്‍ നിശ്ചയിച്ചിരിന്ന കോംഗോയും സുഡാനും ഉള്‍പ്പെടുന്ന അപ്പസ്തോലിക യാത്ര മാറ്റിവെച്ചതിൽ ഫ്രാന്‍സിസ് പാപ്പ ക്ഷമാപണം നടത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും ദക്ഷിണ സുഡാനിന്റെയും അധികാരികളോടു മാപ്പ് ചോദിക്കുന്നുവെന്നും, കഴിയുന്ന എത്രയും വേഗം അവിടെ പോകാൻ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും പാപ്പ പറഞ്ഞു. മെയ് പന്ത്രണ്ടാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കൂടിയിരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുക്കൊണ്ട് സംസാരിച്ചപ്പോഴാണ് ഫ്രാന്‍സിസ് പാപ്പ ക്ഷമാപണം നടത്തിയത്.

ഈ യാത്ര തനിക്ക് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയ പാപ്പ, അവിടേക്കുള്ള യാത്ര എത്രയും വേഗം നടക്കാൻ തന്നോടൊപ്പം പ്രാർത്ഥിക്കാൻ വിശ്വാസികളോടു ആവശ്യപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മാറ്റിയോ ബ്രൂണി അപ്പോസ്തോലിക യാത്ര മാറ്റിവച്ചതായി അറിയിച്ചത്.

മുട്ടുകാൽ വേദനയ്ക്ക് നടത്തുന്ന ചികിൽസയുടെ ഫലങ്ങൾ നഷ്ടമാകാതിരിക്കാൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നിർബ്ബന്ധിതനായതിനാലാണ് ജൂലൈ 2 മുതൽ 7വരെ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും തെക്കൻ സുഡാനിലേക്കും നടത്താനിരുന്ന യാത്ര മാറ്റി വയ്ക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം മാറ്റിവെച്ച യാത്രയുടെ പുതിയ തീയതികൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.

More Archives >>

Page 1 of 764