News - 2025
ഏഷ്യയിലെ ആദ്യത്തെ ഭൂതോച്ചാടന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിലിപ്പീന്‍സില്‍ പുരോഗമിക്കുന്നു
പ്രവാചകശബ്ദം 14-06-2022 - Tuesday
മനില: ഏഷ്യയിലെ ആദ്യത്തെ ഭൂതോച്ചാടന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിലിപ്പീന്‍സിലെ മനില അതിരൂപത പരിധിയിലുള്ള മകാട്ടി നഗരത്തിന് സമീപമുള്ള ഗ്വാഡലൂപെ വീജോയില്‍ പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ മെയ് 17-ന് മനില മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുളയാണ് സെന്റ് മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്ച്വല്‍ ലിബറേഷന്‍ ആന്‍ഡ് എക്സോര്‍സിസം കേന്ദ്രത്തിന് തറക്കല്ലിട്ടത്. മനില അതിരൂപതയുടെ ഭൂതോച്ചാടന കാര്യാലയത്തിന്റെ (എ.എം.ഒ.ഇ) ഡയറക്ടറായ ഫാ. ഫ്രാന്‍സിസ്കോ സിക്കൂയയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. പൈശാചിക സ്വാധീനത്തില്‍ കഴിയുന്നവരുടെ സേവനത്തിന് വേണ്ടിയാണ് കേന്ദ്രം നിര്‍മ്മിക്കുന്നതെന്നു ഫാ. സിക്കൂയ പറഞ്ഞു.
7 വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും, ആസൂത്രണത്തിന്റേയും, ധനസമാഹരണത്തിന്റേയും ഫലമാണ് കേന്ദ്രമെന്ന്‍ ‘എ.എം.ഒ.ഇ’ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ലോകത്തെ ആദ്യത്തേതല്ലെങ്കില്‍, ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമായിരിക്കും സെന്റ് മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ ലിബറേഷന്‍ ആന്‍ഡ് എക്സോര്‍സിസമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മനില അതിരൂപതയുടെ അസാധാരണ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കമ്മീഷന്‍, ഭൂതോച്ചാടന പ്രേഷിത മന്ത്രാലയം, ദര്‍ശനങ്ങളുടേയും പ്രതിഭാസങ്ങളുടേയും വിഭാഗം തുടങ്ങിയവ ഈ കേന്ദ്രത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
ഫിലിപ്പൈന്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് എക്സോര്‍സിസ്റ്റ് (പി.എ.സി.ഇ) ആസ്ഥാന മന്ദിരവും ഇതു തന്നെയായിരിക്കും. ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് പി.എ.സി.ഇ പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലായിരിക്കും സെന്റ് മൈക്കേല്‍ സെന്ററിലെ ചാപ്പലിന്റെ സമര്‍പ്പണം നടത്തുക.