News - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി; ഹര്‍ജി ജൂലൈ 11നു പരിഗണിക്കും
പ്രവാചകശബ്ദം 27-06-2022 - Monday
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നുവെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഓരോ മാസവും രാജ്യത്തു ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ ശരാശരി 45 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ തന്നെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ 57 അക്രമങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പറയുന്ന കാര്യങ്ങള്‍ നിർഭാഗ്യകരമാണെന്നും വിഷയം കോടതി തുറക്കുന്ന ദിവസം തന്നെ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പറഞ്ഞു. ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയും. ഇത്തരം ആക്രമണങ്ങൾ തടയാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്.
അത് നടപ്പാക്കാത്തത് മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്നത് കൊണ്ടാണ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും അഡ്വ. കോളിൻ ഗോൺസാൽവസ് പറഞ്ഞു. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ സംഘപരിവാറിന് കീഴിലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ വലിയ രീതിയിലുള്ള ആക്രമണം അഴിച്ചുവിടാറുണ്ട് ഓരോ വര്‍ഷം കഴിയുംതോറും ആക്രമണങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലുള്ള ഹര്‍ജ്ജിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്.