News

തിന്മകളുടെ മൂല കാരണം അത്യാർത്തി; സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണെന്ന് പാപ്പ

പ്രവാചകശബ്ദം 01-08-2022 - Monday

വത്തിക്കാന്‍ സിറ്റി: ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി മാറുമ്പോള്‍ അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസി സമൂഹത്തോട് സംസാരിക്കുകയായിരിന്നു പാപ്പ. ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 13-21 വരെയുള്ള വാക്യങ്ങളില്‍ വിവരിക്കുന്ന ഭോഷനായ ധനികന്റെ ഉപമയെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം.

എന്താണ് അത്യാഗ്രഹം? വസ്തുക്കളോടുള്ള കടിഞ്ഞാണില്ലാത്ത ആസക്തിയാണ്, സമ്പന്നനാകാനുള്ള നിരന്തര താല്പര്യമാണ്. ഇത് മനുഷ്യനെ നശിപ്പിക്കുന്ന ഒരു രോഗമാണ്, കാരണം കൈവശപ്പെടുത്താനുള്ള ആഗ്രഹം ആശ്രിതത്വമാണ്. എല്ലാറ്റിനുമുപരിയായി, ധാരാളം ഉള്ളവർ ഒരിക്കലും സംതൃപ്തരല്ല. അവർ എപ്പോഴും കൂടുതൽ ആഗ്രഹിക്കുന്നു, അവനവനു വേണ്ടി മാത്രം. എന്നാൽ ഇങ്ങനെയുളളവൻ സ്വതന്ത്രനല്ല: അവൻ അത്യാസക്തനാണ്. അതുപോലെ തന്നെ, അത്യാഗ്രഹം സമൂഹത്തിനും അപകടകരമായ ഒരു രോഗമാണ്. അത് കാരണം നമ്മൾ ഇന്ന് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, ഒരു അനീതിയിൽ എത്തിയിരിക്കുന്നു.

കുറച്ച് ആളുകൾക്ക് ധാരാളം ഉണ്ട്, അനേകർക്ക് കുറച്ച് അല്ലെങ്കിൽ ഒന്നും ഇല്ല. യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് നമുക്ക് ചിന്തിക്കാം: വിഭവങ്ങൾക്കും സമ്പത്തിനും വേണ്ടിയുള്ള ആർത്തിയാണ് മിക്കവാറും എല്ലായ്‌പ്പോഴും ഇവിടെയുള്ളത്. എത്രയെത്ര താൽപ്പര്യങ്ങളാണ് ഒരു യുദ്ധത്തിനു പിന്നിൽ ഉള്ളത്! തീർച്ചയായും ഇവയിലൊന്നാണ് ആയുധക്കച്ചവടം. ഈ വ്യാപാരം ഒരു അപകീർത്തിയാണ്, അതിന് കീഴടങ്ങാൻ നമുക്കാകില്ല, നാം അടിയറവു പറയുകയുമരുത്. യുദ്ധം ഉൾപ്പെടെയുള്ള തിന്മകളുടെ മൂല കാരണം അത്യാർത്തിയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

മുഖ്യസ്ഥാനത്ത്, എല്ലാവരുടെയും ഹൃദയത്തിലുള്ള അത്യാഗ്രഹമാണ്. അതിനാൽ നമുക്ക് സ്വയം ചോദിക്കാം: വസ്തുവകകളിലും സമ്പത്തിലും നിന്നുള്ള എൻറെ അകൽച്ച ഏതവസ്ഥയിലാണ്? എനിക്ക് കുറവുള്ളതിനെക്കുറിച്ച് ഞാൻ പരാതിപ്പെടാറുണ്ടോ? അതോ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ എനിക്കറിയാമോ? പണത്തിൻറെയും അവസരത്തിൻറെയും പേരിൽ ബന്ധങ്ങളും മറ്റുള്ളവർക്കായുള്ള സമയവും ബലികഴിക്കാൻ ഞാൻ പ്രലോഭിപ്പിക്കപ്പെടുന്നുണ്ടോ? വീണ്ടും, അത്യാഗ്രഹത്തിന്റെ അൾത്താരയിൽ ഞാൻ നീതിബോധവും സത്യസന്ധതയും കുരുതികഴിക്കുമോ? "അൾത്താര" എന്ന് ഞാൻ പറഞ്ഞു.

അത്യാഗ്രഹത്തിൻറെ ബലിപീഠം, പക്ഷേ ഞാൻ എന്തുകൊണ്ട് ബലിപീഠം എന്ന് പറഞ്ഞു? കാരണം ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി, യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാം. അതുകൊണ്ട് യേശു ശക്തമായ വാക്കുകളിലൂടെ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ലെന്ന് അവിടന്ന് പറയുന്നു. നമ്മൾ ശദ്ധിക്കുക – അവിടന്നു പറയുന്നത് ദൈവും പിശാചും എന്നല്ല, അല്ലെങ്കിൽ, നന്മയും തിന്മയും എന്നുമല്ല, മറിച്ച് ദൈവവും സമ്പത്തും എന്നാണ്. സമ്പത്തിൻറെ ഉപയോഗം ശരിയാണ്; എന്നാൽ സമ്പത്തിനെ സേവിക്കുകയെന്നത് പാടില്ല: അത് വിഗ്രഹാരാധനയാണ്, അത് ദൈവത്തെ ദ്രോഹിക്കലാണ്.

അപ്പോൾ - നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം - ഒരാൾക്ക് സമ്പന്നനാകാൻ ആഗ്രഹിക്കാൻ പാടില്ലേ? തീർച്ചയായും അഭിലഷിക്കാം, അത് ന്യായമാണ്, സമ്പന്നനാകുന്നത് മനോഹരമാണ്, പക്ഷേ ദൈവഹിത പ്രകാരമുള്ള സമ്പന്നർ. ദൈവമാണ് എല്ലാവരെക്കാളും സമ്പന്നൻ: അവൻ സഹാനുഭൂതിയിലും കരുണയിലും സമ്പന്നനാണ്. അവിടുത്തെ സമ്പന്നത ആരെയും ദരിദ്രരാക്കുന്നില്ല, വഴക്കുകളും ഭിന്നതകളും സൃഷ്ടിക്കുന്നില്ല. നല്കാനും വിതരണം ചെയ്യാനും പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്ന സമ്പന്നതയാണ് അത്. നമുക്ക് സ്വയം ചോദിക്കാം: ഞാൻ എങ്ങനെ സമ്പന്നനാകാനാണ് ആഗ്രഹിക്കുന്നത്? ദൈവഹിതത്തിനനുസരിച്ചാണോ അതോ എൻറെ അത്യാഗ്രഹത്തിനനുസരിച്ചാണോ ഞാൻ സമ്പന്നനാകാൻ അഭിലഷിക്കുന്നത്? എന്നേക്കും നിലനിൽക്കുന്ന യഥാർത്ഥ ജീവിതസമ്പത്ത് എന്താണെന്ന് മനസ്സിലാക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 778