Faith And Reason

പോലീസ് അതിക്രമങ്ങള്‍ക്കിടെ ദിവ്യകാരുണ്യവുമായി നിക്കരാഗ്വേ മെത്രാന്‍ തെരുവിൽ

പ്രവാചകശബ്ദം 05-08-2022 - Friday

മനാഗ്വേ: നിക്കാരോഗ്വേയിലെ ഭരണാധികാരിയായ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യപരമായ നിലപാട് കത്തോലിക്ക സഭയെ വേട്ടയാടുന്നതിനിടെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റൊളാൻഡോ അൽവാരസ് തെരുവിൽ ദിവ്യകാരുണ്യവുമായി ഇറങ്ങി വിശ്വാസി സമൂഹത്തെ ആശീർവ്വദിച്ചു. രൂപതാ മന്ദിരത്തിൽ വിശുദ്ധ കുർബാനയിൽ ഗാനം ആലപിക്കാൻ എത്തിയ രണ്ട് കുട്ടികളെ കടത്തിവിടാത്തതു ഇക്കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരിന്നു. ഇന്നലെ ഓഗസ്റ്റ് നാലാം തീയതിയാണ് ബിഷപ്പ് അൽവാരസ് വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയില്‍ പോലീസ് പുറത്തുനിന്നുള്ളവർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചത്.



പുറത്ത് തടിച്ചു കൂടിയിരുന്ന വിശ്വാസികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചിട്ടും, അവരെ അകത്തോട്ട് വിടാൻ പോലീസ് തയ്യാറായില്ലെന്നും, വിശ്വാസികൾ കർത്താവിനെ സ്തുതിച്ചു പാടുന്നത് കേട്ടപ്പോഴാണ് അവരോട് ഒന്നിച്ച് പ്രാർത്ഥിക്കാനും, അവരെ ആശിർവദിക്കാന്‍ ദിവ്യകാരുണ്യം കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടതെന്നും ബിഷപ്പ് വിശദീകരിച്ചു. എന്നാല്‍ ദിവ്യകാരുണ്യത്തിന്റെ സമീപത്തെത്തി പ്രാർത്ഥിക്കാനും വിശ്വാസികളെ പോലീസ് അനുവദിച്ചില്ല. ഏകദേശം ഒരു മണിക്കൂറോളം ബിഷപ്പ് അൽവാരസ് തെരുവിൽ പ്രാർത്ഥിക്കുകയും, അധികൃതരോട് സംവദിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ക്രിസ്തുവാണ് രാജ്യത്തിന്റെ രാജാവെന്ന് പറഞ്ഞ ബിഷപ്പ് അൽവാരസ് വേണ്ടിവന്നാൽ തെരുവിൽ തന്നെ വിശുദ്ധ കുർബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. ഇതിനുശേഷം മെത്രാസന മന്ദിരത്തിലേക്ക് പ്രവേശിച്ച അദ്ദേഹത്തോടൊപ്പം വിശ്വാസികളും ഉണ്ടായിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ സഭയുടെ മേൽ നിക്കാരോഗ്വേയിലെ ഭരണാധികാരി ഡാനിയൽ ഒർട്ടേഗ നടപ്പിലാക്കിയിരിക്കുന്നത്. അഞ്ചോളം കത്തോലിക്ക റേഡിയോ സ്റ്റേഷനുകൾ ഭരണകൂടം അടച്ചുപൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്.

More Archives >>

Page 1 of 73