News

കത്തോലിക്ക മെത്രാന്മാരെ കൊട്ടാരത്തില്‍ സ്വീകരിച്ച് ഷാര്‍ജ സുല്‍ത്താന്‍

പ്രവാചകശബ്ദം 18-09-2022 - Sunday

ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കത്തോലിക്ക മെത്രാന്മാരെ കൊട്ടാരത്തില്‍ സ്വീകരിച്ചു. ഇന്നലെ ശനിയാഴ്ച അൽ ബദീ പാലസിലാണ് ഷാര്‍ജ സുല്‍ത്താന്‍ തിരുസഭയുടെ പ്രതിനിധികളെ സ്വീകരിച്ചത്. കൊട്ടാര കവാടത്തിന് സമീപമുള്ള സ്വീകരണത്തിന് പിന്നാലെ ഷെയ്ഖ് സുൽത്താൻ മെത്രാന്‍മാരെ ഔദ്യോഗികമായി സ്വാഗതം ചെയ്തു, മതങ്ങളോടുള്ള ആദരവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ മതങ്ങളില്‍ ആയിരിക്കുമ്പോഴും മാന്യമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രത്യയശാസ്ത്രം ഒഴിവാക്കുകയും ചെയ്യുന്ന മാനുഷിക മൂല്യങ്ങൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

യു.എ.ഇയിലെ കത്തോലിക്കാ സഭയോട് ആകമാനവും ഷാർജയിൽ പ്രത്യേകിച്ചും സേവനമനുഷ്ഠിച്ച കാലത്ത് ഷാർജ ഭരണാധികാരി വഴി ലഭിച്ച എല്ലാ പിന്തുണക്കും ബിഷപ്പ് പോൾ ഹിൻഡർ നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിതനായ ബിഷപ്പ് പൗലോ മരിനെല്ലി തന്റെ ചുമതലകൾ നിർവഹിക്കുന്നതിലും മതസഹിഷ്ണുത നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയിക്കട്ടെയെന്ന് ഷാർജ ഭരണാധികാരി ആശംസിച്ചു.

More Archives >>

Page 1 of 790