News - 2024
ആര്‍ത്തിരമ്പുന്ന കടലിന് നടുവില്‍ കുഞ്ഞ് 'ഇക്‌പോമോസ' ജ്ഞാനസ്നാനം സ്വീകരിച്ച് തിരുസഭയോട് ചേര്‍ന്നു
സ്വന്തം ലേഖകന്‍ 21-07-2016 - Thursday
മ്യൂണിച്ച്: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഇക്‌പോമോസയെ ജ്ഞാനസ്നാനപ്പെടുത്തുന്നു". ഈ വചനങ്ങള്‍ ഉരുവിട്ട ശേഷം പട്ടാളക്കാരുടെ ചാപ്ലിനായ ഫാദര്‍ ജോച്ചന്‍ ഫൊള്‍സ് കുഞ്ഞു ഇക്‌പോമോസയുടെ ശിരസ്സില്‍ മൂന്നു പ്രാവശ്യം വെള്ളം ഒഴിച്ചു. സാധാരണ മാമോദീസകള്‍ പള്ളിയില്‍, ബന്ധുക്കളുടെയും മിത്രങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും നടുവില്‍ നടക്കുമ്പോള്‍ നൈജീരിയക്കാരിയായ വിവിയന്‍ എന്ന യുവതിയുടെ കുഞ്ഞിന്റെ മാമോദീസ നടുക്കടലിലെ കപ്പലിലാണ് നടന്നത്. കലാപത്തെ ഭയന്ന് നൈജീരിയായില്‍ നിന്നും ഒരു സംഘം യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടക്കുവാന്‍ ശ്രമിക്കുമ്പോഴാണ് മേല്‍പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത്.
സ്വന്തം രാജ്യത്തെ ബുദ്ധിമുട്ടുകളുടെ നടുവില്‍ നിന്നും പുതിയ ഒരു ജീവിതം കെട്ടിപടുക്കാമെന്ന പ്രതീക്ഷയോടെ യൂറോപ്പിലേക്ക് തിരിച്ച 654 നൈജീരിയക്കാരുടെ സംഘത്തില്‍ വിവിയ എന്ന യുവതി പൂര്‍ണ്ണ ഗര്‍ഭിണിയായിരിന്നു. ഒരു ചെറു ബോട്ടില്‍ ആര്‍ത്തലറുന്ന കടലിലൂടെ ലിബിയന്‍ തീരത്തു നിന്നും യൂറോപ്പിനെ ലക്ഷ്യമാക്കി അവര്‍ നീങ്ങി. ഇവരുടെ ചെറുബോട്ട് കടലില്‍ തകരുമെന്ന് മനസിലാക്കിയ ജര്‍മ്മന്‍ നാവിക സൈന്യം അവരെ രക്ഷിക്കുകയും തങ്ങളുടെ കപ്പലിന്റെ സുരക്ഷിതത്വത്തിലേക്ക് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
നാവികസേനയുടെ കപ്പലില്‍ വച്ച് വിവിയ തന്റെ മകനെ പ്രസവിച്ചു. തന്റെ പ്രസവശുശ്രൂകള്‍ക്കായി അടുത്തു നിന്നിരുന്ന സ്ത്രീകളോട് ആദ്യം തന്നെ വിവിയ പറഞ്ഞത് കപ്പലിലെ സൈനികരുടെ ചാപ്ലിനെ കാണണമെന്നാണ്. ഇതുപ്രകാരം അവിടേക്ക് എത്തിയ ഫാദര്‍ ജോച്ചന്‍ ഫൊള്‍സിനോട് വിവിയ തന്റെ മകനെ ഉടന്‍ മാമോദീസ മുക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഒരു കത്തോലിക്ക വിശ്വാസി ആണെന്നും അവര്‍ പട്ടാളക്കാരുടെ ചാപ്ലിനോട് പറഞ്ഞു. വിവിയയുടെ ആഗ്രഹം സാധിച്ചു നല്‍കുവാന്‍ കപ്പലിലെ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. മാമോദിസായ്ക്കു വേണ്ട സൗകര്യങ്ങള്‍ എല്ലാം വേഗം തന്നെ നടുക്കടലില്‍ കപ്പലിനുള്ളില്‍ ഒരുക്കി.
ഭക്ഷണങ്ങള്‍ വിളമ്പുന്ന പ്രത്യേകതരം പാത്രത്തില്‍ സൈനികരില്‍ ചിലര്‍ വെള്ളം എത്തിച്ചു. കപ്പലില്‍ സൂക്ഷിച്ചിരുന്ന മെഴുകുതിരിയുമായി ചിലര്‍ വന്നു. കപ്പലിന്റെ വയര്‍ലെസ് ഓപ്പറേറ്റര്‍ ഫാദര്‍ ജോച്ചന്‍ ഫൊള്‍സിന് മാമോദിസായുടെ സമയം ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന്‍ ലഭ്യമാക്കി. കുഞ്ഞിനു വിവിയ, ഇക്‌പോമോസ എന്ന പേരാണ് നല്കിയത്. കപ്പലിലുണ്ടായിരുന്ന കത്തോലിക്ക വനിതയായ മാര്‍ട്ടീന ആണ് കുഞ്ഞ് ഇക്‌പോമോസയുടെ തലതൊട്ടമ്മ.
കുഞ്ഞ് ഇക്‌പോമോസയ്ക്ക് മാമോദീസായ്ക്കു ശേഷം ഇടുവാന്‍ വെള്ള ഉടുപ്പില്ലായിരുന്നു എന്നതാണ് ഏക പോരായ്മയായി വന്നത്. എന്നാല്‍, തന്റെ ളോഹയുടെ വെള്ളനിറവും അതിന്റെ വിശുദ്ധിയും കൊണ്ട് ഫാദര്‍ ജോച്ചന്‍ ഫൊള്‍സ്, ഇക്‌പോമോസയെ ആ പോരായ്മയില്‍ നിന്നും പൊതിഞ്ഞു പിടിച്ചു. കണ്ണെത്താ ദൂരം ഇരുട്ട് വ്യാപിച്ചു കിടന്ന ഒരു കടലിലെ രാത്രിയില്‍ ജര്‍മ്മന്‍ നേവിയുടെ ആ കപ്പലില്‍ ഇക്‌പോമോസ മാമോദീസ വഴി തിരുസഭയിലേക്ക് ചേര്‍ന്നു.