News - 2024

ക്രൈസ്തവ ചിഹ്നങ്ങളും ബൈബിള്‍ വചനങ്ങളും കരീബിയന്‍ ഗുഹകളില്‍ നിന്നും കണ്ടെത്തി

സ്വന്തം ലേഖകന്‍ 21-07-2016 - Thursday

വാഷിംഗ്ടണ്‍: 16-ാം നൂറ്റാണ്ടില്‍ വരച്ചതെന്നു കരുതപ്പെടുന്ന ക്രൈസ്തവ ചിഹ്നങ്ങളും വിവിധ ലിപികളിലായി എഴുതിയ വചനങ്ങളും കരീബിയന്‍ ഗുഹകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മൊണ' എന്ന പേരില്‍ അറിയപ്പെടുന്ന ചെറു ദ്വീപിലെ ഗുഹകളിലാണ് ചിഹ്നങ്ങളും വചനങ്ങളും കണ്ടെത്തിയത്. ഡോമ്നിക്കന്‍ റിപ്ലബ്ലിക്കിന്റെയും പ്ലൂര്‍ട്ടോ റിക്കോയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മലകളും ഗുഹകളുമുള്ള ചെറു ദ്വീപാണ് മൊണ.

1494-ല്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് ഇവിടെ എത്തിയതായി രേഖകള്‍ പറയുന്നു. നിരവധി ഗുഹകളുള്ള മൊണയില്‍ അര മൈലോളം നീളമുള്ള 18-ാം നമ്പര്‍ ഗുഹയിലാണ് പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞ്ജരും പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 250-ല്‍ അധികം ചിത്രങ്ങളും എഴുത്തുകളും ഈ ഗുഹയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ യൂറോപ്യന്‍ മിഷ്ണറിമാര്‍ നടത്തിയ വരകളാണ് ഇവയെന്നു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

ലാറ്റിന്‍ ഭാഷയിലും സ്പാനിഷ് ഭാഷയിലും ബൈബിളിലെ പല വചനങ്ങളും ഇവിടെ വ്യക്തമായും, അവ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. 'ദൈവം പല കാര്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നു' എന്നതാണ് ഒരു ചിത്രത്തിന്റെ ലിപിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ ഭാഷാപണ്ഡിതരുടെ സഹായത്തോടെ വായിച്ചെടുത്തത്. 'ദൈവം നിന്നോട് ക്ഷമിക്കട്ടെ' എന്നും ചില സ്ഥലങ്ങളില്‍ എഴുതിയിരിക്കുന്നു. ബൈബിളിലെ വചനം അതേ പടിയും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. 'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു' എന്ന വാക്യം ചുമരില്‍ എഴുതിയിരിക്കുന്നതു ലാറ്റിന്‍ ഭാഷയിലാണ്.

ഗുഹയുടെ ഏറ്റവും വലിയ പ്രത്യേകത പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന കുരിശിന്റെ അടയാളമാണ്. തന്റെ വലതു കരം ഉപയോഗിച്ച് വൈദികര്‍ ആശീര്‍വദിക്കുന്ന അതേ രീതിയിലാണ് കുരിശ് രൂപം വരച്ചിരിക്കുന്നത്. കാല്‍വരിയിലെ ക്രൂശീകരണത്തെ അതേ പടി രേഖപ്പെടുത്തുന്ന വരകളും ഗുഹയിലുണ്ട്. മൂന്നു കുരിശുകളുള്ള ഈ ചിത്രത്തില്‍, നടുക്ക് സ്ഥിതി ചെയ്യുന്ന കുരിശിന്റെ താഴെ ലാറ്റിന്‍ ഭാഷയില്‍ യേശുക്രിസ്തു എന്നും എഴുതിയിരിക്കുന്നു. ബ്രിട്ടീഷ് മ്യൂസിയം, പ്ലൂര്‍ട്ടോറിക്കോ പ്രകൃതി സംരക്ഷണ വകുപ്പ്, ലിസെറ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പുതിയ പഠനങ്ങള്‍ ശാസ്ത്രജ്ഞര്‍ 'ആന്റിക്വുറ്റി' എന്ന ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

More Archives >>

Page 1 of 61