News - 2025

ബെനഡിക്ട് പാപ്പ റൂമില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയില്‍ പങ്കുകൊണ്ടു; പുതിയ വിവരവുമായി വത്തിക്കാന്‍

പ്രവാചകശബ്ദം 30-12-2022 - Friday

വത്തിക്കാന്‍ സിറ്റി: ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ നിലവിലെ അവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരവുമായി വത്തിക്കാന്‍. പാപ്പ ഇന്നലെ സുഖമായി വിശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വത്തിക്കാൻ ഇന്നു വെള്ളിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലെ രാത്രി പോപ്പ് എമിരിറ്റസിന് നന്നായി വിശ്രമിക്കാൻ കഴിഞ്ഞുവെന്നും ഉച്ചകഴിഞ്ഞ് തന്റെ മുറിയിൽ നടന്ന വിശുദ്ധ കുർബാനയിലും അദ്ദേഹം പങ്കുകൊണ്ടുവെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു.

ഡിസംബർ 28-ന് വിശ്വാസികളുമായി പൊതു കൂടിക്കാഴ്ചയുടെ അവസാനം, ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതോടെയാണ് വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നത്. തന്റെ മുൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാന്‍സിസ് പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. ഇന്നു റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കായി പ്രത്യേക കുർബാന അർപ്പിക്കുമെന്ന് റോം രൂപത അറിയിച്ചിട്ടുണ്ട്. റോം സമയം വൈകീട്ട് 05:30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) നാണ് റോം രൂപതയുടെ വികാറായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടക്കുക.

More Archives >>

Page 1 of 812