News - 2025

പെൻസിൽവാനിയയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ '666' എഴുതി ആക്രമണം

പ്രവാചകശബ്ദം 31-12-2022 - Saturday

പെൻസിൽവാനിയ: അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയയിലെ സ്ക്രാൻഡൺ രൂപതയുടെ സെന്റ് പീറ്റർ കത്തീഡ്രൽ ദേവാലയം ക്രിസ്തുമസ് ദിനത്തിൽ ആക്രമിക്കപ്പെട്ടു. 666 എന്ന സംഖ്യ ദേവാലയത്തിന്റെ മുൻവശത്തെ മൂന്ന് വാതിലുകളിൽ അജ്ഞാതൻ എഴുതി വൃത്തിക്കേടാക്കിയാണ് ആക്രമണം നടത്തിയത്. വെളിപ്പാട് പുസ്തകത്തില്‍ മൃഗത്തിന്റെ സംഖ്യയായി വിവരിക്കപ്പെടുന്ന 666 സാത്താന്‍ ആരാധനകളില്‍ പ്രത്യേകം ഉപയോഗിക്കുന്ന ഒരു സംഖ്യ കൂടിയാണ്.

ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാ. ജഫ്രി ടുഡ്ഗേ വൈദികനാണ് ദേവാലയം അലങ്കോലമാക്കിയത് കണ്ടെത്തിയത്. ഇത് ചെയ്തയാൾ മുന്നോട്ടു വരുമെന്നും, അനുരജ്ഞന സംഭാഷണത്തിന് തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നപൂരിതമായ ലോകത്തിൽ സേവനം ചെയ്യുന്ന പ്രാർത്ഥനയുടെ ജനമാണ് തങ്ങളെന്നും ക്രിസ്തുവിന്റെ ദൗത്യവും, സന്ദേശവും ക്ഷമയുടെയും, അനുരഞ്ജനത്തിന്റെയും ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

സി‌സി‌ടി‌വി‌ ദൃശ്യങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്ക്രാൻഡൺ രൂപതയുടെ മെത്രാൻ ജോസഫ് ബാംബെറ അഗാധ ദുഃഖം രേഖപ്പെടുത്തി. ഈ പ്രവർത്തി ചെയ്തയാൾ അനുതപിക്കുമെന്നാണ് പ്രതീക്ഷ. അക്രമിക്കുവേണ്ടിയും, അക്രമിയുടെ ദൈവമായുള്ള അനുരഞ്ജനത്തിനു വേണ്ടിയും പ്രാർത്ഥിക്കുമെന്നും ബിഷപ്പ് ജോസഫ് ബാംബെറ കൂട്ടിച്ചേർത്തു.

നിരവധി കത്തോലിക്ക ദേവാലയങ്ങളും, പ്രോലൈഫ് ക്ലിനിക്കുകളും ഈ വർഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ അമേരിക്കയിൽ ഭ്രൂണഹത്യ നിയമപരമാക്കിയ റോ വെസ് വേഡ് കേസിലെ വിധി അസാധുവാക്കിയ സുപ്രീം കോടതി വിധി പ്രഖ്യാപനത്തിനു പിന്നാലെയാണ് അക്രമ സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചത്. കാത്തലിക്ക് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച് വിധിയ്ക്കു പിന്നാലെ 33 ദേവാലയങ്ങളാണ് അക്രമിക്കപ്പെട്ടത്.

More Archives >>

Page 1 of 812