News

ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്

സ്വന്തം ലേഖകന്‍ 27-07-2016 - Wednesday

ലണ്ടന്‍: രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന കത്തോലിക്ക സഭയിലേക്ക് ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ചേരുന്നതായി ട്വിറ്റര്‍ വഴിയാണ് സൊഹ്‌റാബ് അഹ്മാരി അറിയിച്ചത്. ഇന്നലെ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് താന്‍ റോമന്‍ കത്തോലിക്ക സഭയില്‍ അംഗമാകുന്നതെന്ന് സൊഹ്‌റാബ് അഹ്മാരി ട്വിറ്ററില്‍ കുറിച്ചു.

വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൊഹ്‌റാബ് അഹ്മാരി. ബിബിസി, സിഎന്‍എന്‍ പോലുള്ള ലോകപ്രശസ്ത മാധ്യമങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മാധ്യമമാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍.

"ഞാന്‍ ജാക്വസ് ഹാമല്‍" എന്ന ഹാഷ് ടാഗിലൂടെയാണ് തന്റെ വിശ്വാസ പ്രഖ്യാപനവും കത്തോലിക്ക സഭയിലേക്കുള്ള പ്രവേശനവും സൊഹ്‌റാബ് അഹ്മാരി പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ വൈദികനാണ് ഫാദര്‍ ജാക്വസ് ഹാമല്‍. അദ്ദേഹത്തിനോടുള്ള ഐക്യദാര്‍ഢ്യാര്‍ത്ഥമാണ് ഇത്തരമൊരു ഹാഷ് ടാഗ് രൂപപ്പെടുത്തിയിരിക്കുന്നത്. ലണ്ടന്‍ ഓര്‍ട്ടറി എന്ന സ്ഥാപനത്തിന്റെ കീഴിലാണ് താന്‍ കത്തോലിക്ക വിശ്വാസം അഭ്യസിക്കുന്നതെന്നും സൊഹാറാബ് അഹ്മാരി ട്വിറ്ററിലൂടെ അറിയിച്ചു.

ഷിയാ മുസ്ലീം വിശ്വാസികളുടെ കേന്ദ്രമായ ഇറാനിലെ ടെഹ്‌റാനിലാണ് സൊഹ്‌റാബ് അഹ്മാരി ജനിച്ചത്. 13 വയസു വരെ അവിടെ പഠിക്കുകയും ഇസ്ലാം മതാചാരങ്ങള്‍ കര്‍ശനമായി പിന്‍തുടരുകയും ചെയ്ത സൊഹ്‌റാബ് പിന്നീട് യുഎസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 2009-ല്‍ ഇറാനില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് സൊഹ്‌റാബ് അഹ്മാരിയെ മാധ്യമ പ്രവര്‍ത്തക മേഖലയിലേക്ക് വഴിതിരിച്ച് വിട്ടത്.

ഫ്രാന്‍സില്‍ ഒരു വൈദികനെ ഇസ്ലാം വിശ്വാസികള്‍ തീവ്രവാദത്തിന്റെ പേരില്‍ കൊലപ്പെടുത്തുമ്പോള്‍ മറ്റൊരു സ്ഥലത്ത് പ്രശസ്തനായ മുസ്ലീം വിശ്വാസി ക്രൈസ്തവ ജീവിതത്തിലേക്ക് കാല്‍ചുവടുകള്‍ എടുത്തുവയ്ക്കുകയാണ്. കൊല്ലപ്പെട്ട വൈദികനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഹാഷ് ടാഗ് #IAmJacquesHamel ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.

More Archives >>

Page 1 of 62