News - 2024
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനം പുറത്തിറങ്ങി
സ്വന്തം ലേഖകന്‍ 23-07-2016 - Saturday
വത്തിക്കാന്‍: ധ്യാനാത്മക ജീവിതം നയിക്കുന്ന സിസ്റ്റേഴ്സിന് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനം പുറത്തിറങ്ങി. 'വാള്‍ടം ഡേ ക്വറെറേ' (ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍) എന്നതാണ് പുതിയ പ്രബോധനത്തിന്റെ പേര്. എല്ലാ മനുഷ്യര്‍ക്കുമായി പ്രാര്‍ത്ഥനയിലൂടെ ജീവിതം പ്രസരിപ്പിക്കുന്നവരാണ് ഏകാന്തതയിലും നിശ്ശബ്ദതയിലും കന്യകാലയത്തിനുള്ളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്ന സന്ന്യാസിനിമാരെന്ന് 'വാള്‍ടം ഡേ ക്വറെറേ'യുടെ ആമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പരാമര്‍ശിക്കുന്നു.
"നിങ്ങളെ കൂടാതെയുള്ള സഭയെ കുറിച്ച് ആലോചിക്കാന്‍ പറ്റുന്നില്ല. സുവിശേഷത്തിന്റെ പാതയിലേക്ക് ഇന്ന്‍ അനേകരെ കൊണ്ടുവരാനുള്ള നിങ്ങളുടെ പ്രയത്‌നങ്ങളെയും പ്രാര്‍ത്ഥനയെയും സഭ വിലമതിക്കുന്നു. സഭയുടെ ജീവനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കന്യാസ്ത്രീകളുടെ പങ്കിനെ അപ്പസ്തോലിക പ്രബോധനത്തില്‍ എടുത്ത് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, സന്യസ്ഥരുടെ പ്രാര്‍ത്ഥന സഭയുടെ കരുത്താണെന്നും കൂട്ടിചേര്‍ത്തു.
പതിനാല് ഭാഗങ്ങളുള്ള ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനത്തില്‍ കന്യാസ്ത്രീ മഠങ്ങളിലെ അധികാര സ്ഥാനങ്ങളെ കുറിച്ചും, മറ്റ് സന്യസ്ഥ സമൂഹങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും, സഭയുടെ സേവനത്തിലെ അവരുടെ പങ്കാളിത്തത്തെ കുറിച്ചുമാണ് പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്.