News

ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈന 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പഠനം

സ്വന്തം ലേഖകന്‍ 22-07-2016 - Friday

ബെയ്ജിംഗ്: 2030-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്ന് പഠനം. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനത്തിലെ റോഡ്‌നി പെന്നിംഗ്ടണ്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് 2030-ല്‍ ചൈന ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന്‍ കണ്ടെത്തിയിരിക്കുന്നത്.

"ഇത്തരത്തിലെ ഒരു പഠനം ചൈനീസ് വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്. ആഗോളതലത്തില്‍ ചൈന ഒരു ക്രൈസ്തവ രാജ്യമായി മാറുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നതിലൂടെ മാത്രം അവസാനിക്കുന്നതല്ല ചൈനയിലെ സുവിശേഷ ദൗത്യം". ക്രിസ്ത്യന്‍ പോസ്റ്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഡ്‌നി പെന്നിംഗ്ടണ്‍ പറയുന്നു. ചൈനയ്ക്ക് അത്മായ നേതൃത്വത്തിലേക്കും സഭയുടെ നേതൃത്വത്തിലേക്കും ഉയര്‍ന്നു വരുന്ന നേതാക്കളെ ആവശ്യമാണ്. ക്രൂശിന്റെ വഴിയെ സഞ്ചരിച്ച് ക്ഷമയോടെ ത്യാഗങ്ങള്‍ സഹിക്കുന്ന ജനതയെ ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ റിലീജിയസ് സെന്ററിന്റെ ഡയറക്ടര്‍ ഫേങ്കയാംഗ് യാംഗ്, ശാസ്ത്രീയമായ കണക്കുകള്‍ നിരത്തി വിശ്വാസികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ശരിയാണെന്ന് തെളിയിക്കുന്നു. ചൈനയില്‍ ക്രൈസ്ത വിശ്വാസികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനയാണ് ഉണ്ടാകുന്നത്. 1980-ല്‍ മൂന്നു മില്യണ്‍ ക്രൈസ്തവരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2010-ല്‍ ഇത് 58 മില്യണായി കുത്തനെ ഉയര്‍ന്നു. 2025-ല്‍ ഇത് 255 മില്യണാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വളരെ അധികം വര്‍ദ്ധിക്കുന്നുവെന്നും വിശ്വാസികളില്‍ ഏറെയും വിദ്യാസമ്പന്നരാണെന്നും വിദഗ്ദ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി 'The Telegraph' നേരത്തെ റിപ്പോർട്ട്‌ ചെയ്തിരിന്നു.

ചൈനയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനായ യൂവ് ജി ചൈനയിലെ പുതിയ മാറ്റങ്ങളെ സംബന്ധിച്ച് 'ഫസ്റ്റ് തിംഗ്' എന്ന മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ചൈനയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും വിചാരണകളും മുമ്പത്തേക്കാളും കൂടുതലാണെന്നും എന്നാല്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ക്രൈസ്തവ സമൂഹം ഇന്ന് ചൈനയില്‍ ഉയര്‍ന്നു വന്നിരിക്കുന്നതായും അദ്ദേഹം തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിരിന്നു.

ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും വലിയ വര്‍ധന ഉണ്ടാകുന്നുണ്ടെങ്കിലും വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും ചൈനയില്‍ കൂടിവരികയാണ്. നിയമപരമായിട്ടല്ല പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പറഞ്ഞ് 200-ല്‍ അധികം പള്ളികള്‍ 2014 മുതലുള്ള കാലയളവില്‍ ഇവിടെ തകര്‍ക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തില്‍ അധികം കുരിശുകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭരണകൂടം നശിപ്പിച്ച് കളഞ്ഞു. ഇത്തരം പീഡനങ്ങളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുകയാണ്.

More Archives >>

Page 1 of 62