News - 2024
ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുന്ന ഡോക്ടറുമാര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 22-07-2016 - Friday
ലണ്ടന്‍: ഗര്‍ഭഛിദ്രം നടത്തുവാന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാരുടെ നേര്‍ക്ക് മറ്റുള്ള സഹപ്രവര്‍ത്തകര്‍ വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പാര്‍ലമെന്റ് എംപിമാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഇതു സംബന്ധിച്ച പരാതി ഇതിനോടകം തന്നെ പലവട്ടം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് മുന്നില്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
1967-ലെ ഗര്‍ഭഛിദ്ര നിയമത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുവാന്‍ പാര്‍ലമെന്റ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ്, ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാര്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ചത്. സ്വന്തം ഇഷ്ട പ്രകാരം ഡോക്ടറുമാര്‍ക്ക് ഗര്‍ഭഛിദ്രത്തില്‍ നിന്നും പിന്‍മാറുവാനുള്ള അവകാശം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറുമാരോട് വിവേചനപരമായ നിലപാടുകള്‍ കൈക്കൊള്ളരുതെന്നും ഇത്തരം നടപടികളെ തടയണമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയായ ഫിയോണ ബ്രൂസ്, ഗര്‍ഭഛിദ്രം ചെയ്യുവാന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാരോടു വിവേചനപരമായി പെരുമാറുന്ന നടപടി അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ശക്തമായ നടപടി പാര്‍ലമെന്റില്‍ സ്വീകരിക്കുവാന്‍ സര്‍വ്വകക്ഷി സംഘത്തില്‍ താന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഫിയോണ പറഞ്ഞു. അമ്പതു വര്‍ഷമായി നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ ഡോക്ടറുമാരുടെ താല്‍പര്യത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗര്‍ഭഛിദ്രം ചെയ്യുവാന്‍ താല്‍പര്യമില്ലാത്ത ഡോക്ടറുമാരെ അതിനു നിര്‍ബന്ധിക്കുവാന്‍ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ലയെന്ന നിയമം നിലനില്‍ക്കേയാണ് ഈ വേര്‍തിരിവ് പ്രകടമാകുന്നത്. തങ്ങളുടെ മെഡിക്കല്‍ പ്രഫഷന് ഒരു ഭീഷണിയായി പല ഡോക്ടറുമാരും ഇതിനെ കരുതുന്നു.