News - 2024
പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുവാനുള്ള ദക്ഷിണ കൊറിയന്‍ ശ്രമത്തിനെതിരെ കത്തോലിക്ക സഭ രംഗത്ത്
സ്വന്തം ലേഖകന്‍ 22-07-2016 - Friday
സിയോള്‍: അമേരിക്കയുടെ സഹായത്തോടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുവാനുള്ള ദക്ഷിണ കൊറിയയുടെ നടപടിയെ കാത്തലിക് അസോസിഷേയന്‍ ശക്തമായി അപലപിച്ചു. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ത്തുമെന്നും സഭ സൂചന നല്‍കി. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളിലുള്ള എതിര്‍പ്പ് അറിയിച്ച് മൂന്നു രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. വടക്കന്‍ കൊറിയയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ആളികത്തിക്കുവാന്‍ മാത്രമേ ഇത്തരം ഒരു നടപടി കൊണ്ട് സാധിക്കുകയുള്ളുവെന്നു കത്തോലിക്ക സഭ വ്യക്തമാക്കി.
'താഡ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ടെര്‍മിനല്‍ ഹൈ ആള്‍റ്റിട്യൂഡ് ഏരിയ ഡിഫന്‍സ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം' എന്ന സംവിധാനം രൂപകല്‍പ്പന ചെയ്യുവാനാണ് ദക്ഷിണ കൊറിയ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന അറിയിപ്പ് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയിരുന്നു.
പുതിയ ഒരു ശീതയുദ്ധത്തിനാകും ഇതു വഴി തെളിക്കുകയെന്നു കൊറിയന്‍ ബിഷപ്പ് കമ്മിറ്റി ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് പ്രസ്താവിച്ചു. ലോകനേതാക്കള്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് സമിതി അഭിപ്രായപ്പെട്ടു. വടക്കന്‍ കൊറിയയില്‍ നിന്നുള്ള മിസൈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ദക്ഷിണ കൊറിയ, അയല്‍രാജ്യത്തെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന പുതിയ നടപടി സ്വീകരിക്കുന്നത്.