News - 2024

തന്നെ ഗര്‍ഭാവസ്ഥയില്‍ നശിപ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ അമ്മയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 27-07-2016 - Wednesday

മാള്‍ട്ട: താന്‍ ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ തന്റെ മാതാവിനോട് ഗര്‍ഭഛിദ്രം നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതായി കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഗുലിയൗമീ ഡീ അലന്‍കോണിന് നല്‍കിയ അഭിമുഖത്തിന്റെ വെളിച്ചത്തില്‍ തയാറാക്കിയ പുസ്തകത്തിലാണ് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തന്നെ അമ്മ ഉദരത്തില്‍ വഹിച്ചിരുന്നപ്പോള്‍ ഗുരുതരമായ രോഗം ബാധിച്ചിരുന്നതായും അതിനെ തുടര്‍ന്ന് അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും മാതാപിതാക്കളുടെ വിശ്വാസ തീഷ്ണമായ ജീവിതമാണ് തന്നെ ജനിക്കുവാന്‍ അനുവദിച്ചതെന്നും കര്‍ദിനാള്‍ 'ഹോപ്പ് ഫോര്‍ ദ വേള്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നു.

"ഗുരുതരമായ രോഗം ബാധിച്ചിരുന്നന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയോട് ഗര്‍ഭഛിദ്രം നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് അഞ്ച് മക്കളില്ലേയെന്നും അവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ നിങ്ങള്‍ ജീവനോടെ ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ എന്റെ അമ്മയോട് പറഞ്ഞു. ഇതിനാല്‍ ഇപ്പോള്‍ ഉള്ള കുട്ടിയെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച് സ്വന്തം ജീവന്‍ കാത്തു സൂക്ഷിക്കണമെന്നും ഡോക്റ്റേഴ്സ് ഉപദേശിച്ചു. ഞങ്ങള്‍ ദൈവവിശ്വാസികളാണെന്നും കര്‍ത്താവില്‍ ആഴമായി ശരണപ്പെടുന്നുവെന്നുമാണ് എന്റെ മാതാപിതാക്കള്‍ ഡോക്ടര്‍ക്ക് നല്‍കിയ മറുപടി. അവരുടെ തീഷ്ണമായ വിശ്വാസത്താലും ദൈവകൃപയാലും ഞാന്‍ ജനിച്ചു". കര്‍ദിനാള്‍ പറയുന്നു.

കരുണയുള്ള ഒരു പറ്റം മനുഷ്യരുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും കര്‍ദിനാള്‍ പുസ്തകത്തില്‍ പറയുന്നു. തന്റെ പിതാവിന്റെ ഏക സഹോദരിക്ക് ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ചിരുന്നു. വലിയ കരുതലോടെയാണ് കുടുംബം മുഴുവനും പിതാവിന്റെ സഹോദരിയെ ശുശ്രൂഷിച്ചത്. ഇത്തരത്തില്‍ സഹജീവികളെ കരുതലോടും സ്‌നേഹത്തോടും നോക്കുന്നവരുടെ ഇടയില്‍ ജനിക്കുവാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണെന്നും കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി അനുസ്മരിക്കുന്നു.

ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന പ്രൊലൈഫിന്റെ നേതൃത്വ നിരയില്‍ സജീവ സാന്നിധ്യമാണ് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി. വത്തിക്കാന്‍ ഹൈക്കോടതിയില്‍ മുമ്പ് സേവനം ചെയ്തിരുന്ന കര്‍ദിനാള്‍ ഇപ്പോള്‍ മാര്‍ട്ടയിലാണ് തന്റെ പ്രവര്‍ത്തനം നടത്തുന്നത്. ജീവന്റെ സംരക്ഷകരായി നിലകൊള്ളണമെന്ന കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്കു വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പറയുന്ന കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി, ചില സ്ത്രീപക്ഷ സംഘടനകള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത് തെറ്റായ നടപടിയാണെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്നവരെ ഉപദ്രവിക്കുവാനും അപമാനിക്കുവാനും പിശാച് എല്ലാ സമയത്തും ശ്രമിക്കുമെന്നും എന്നാല്‍ ശത്രുവിനോട് പോരാടുവാനുള്ള എല്ലാ ശക്തിയും ദൈവം ഉന്നതത്തില്‍ നിന്നും തരുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 62