News - 2024
നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍
പ്രവാചകശബ്ദം 02-07-2024 - Tuesday
അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു ഭീഷണി മുഴക്കുന്ന ഇസ്ലാമിക ഭീകരന്റെ വീഡിയോ ജൂണ്‍ അവസാന വാരത്തിലാണ് പുറത്തുവിട്ടത്. ബോർണോ സ്റ്റേറ്റിലെ ഗാംബോരു എൻഗാലയിൽ തീവ്രവാദി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോള്‍ പോൾ മൂസ മുട്ടുകുത്തി നില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
2023 മാർച്ചിലാണ് വചനപ്രഘോഷകനായ മൂസയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ തീവ്രവാദികള്‍ ഒരാഴ്ച അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും മോചനദ്രവ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്നും പോൾ മൂസ പറയുന്നു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പോൾ ഓറഞ്ച് ഷർട്ട് ധരിച്ച് മുട്ടുകുത്തി, കൈകൾ പുറകിലേക്ക് കെട്ടിയ രീതിയിലാണ് കാണപ്പെടുന്നത്. തീവ്രവാദി ഇദ്ദേഹത്തിന് പിന്നിലായാണ് നിൽക്കുന്നത്.
സർക്കാർ അധികാരികളോടും സഭാ മേലധ്യക്ഷന്മാരോടുമുള്ള തൻ്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. $39,180 മുതൽ $130,221 വരെയാണ് ഭീകരസംഘം ആവശ്യപ്പെട്ട മോചനദ്രവ്യം. മൂസയെ കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തടങ്കലിലുള്ള ക്രിസ്ത്യാനികളുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ബോർണോ സ്റ്റേറ്റ് ചാപ്റ്ററിൻ്റെ ചെയർമാൻ ജോൺ ബകേനി മാധ്യമങ്ങളോട് പറഞ്ഞു. മൂസ ഉൾപ്പെടെയുള്ള നിരവധി തടവുകാരാണ് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്.