News - 2024

ബഹ്റൈനിൽ 1300 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തിന്റെ ഭാഗം കണ്ടെത്തി

പ്രവാചകശബ്ദം 17-07-2024 - Wednesday

മനാമ: അറബ് മേഖലയില്‍ ക്രൈസ്തവ വിശ്വാസത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ച് പുതിയ കണ്ടെത്തല്‍. ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ നിര്‍മ്മിതി കണ്ടെത്തിയതായി ഗവേഷകർ സ്‌ഥിരീകരിച്ചത്. 1300 വർഷം പഴക്കമുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിൻറെ അവശിഷ്‌ടങ്ങളുടെ റേഡിയോകാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിലാണെന്നാണ് കണക്ക്.

ക്രൈസ്തവ ദേവാലയം ആയിരുന്നതിൻ്റെ വ്യക്തമായ സൂചനയായി മൂന്ന് കുരിശുകൾ ഇവിടെ ദൃശ്യമാണ്. അവയിൽ രണ്ടെണ്ണം കെട്ടിടത്തെയാണ് അലങ്കരിച്ചിരിക്കുന്നത്. മുൻപ് ഗൾഫിൽ ഇറാൻ, കുവൈത്ത്, യു‌എ‌ഇ, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ വിദൂര പ്രദേശങ്ങളിൽ ക്രിസ്ത്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരിന്നതായി നേരത്തെയും കണ്ടെത്തിയിരിന്നു. ഇത് നെസ്‌റ്റോറിയൻ ചർച്ചിൻ്റെ ഭാഗമാണെന്നാണ് ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണം.

ഏകദേശം 300 വർഷങ്ങൾക്ക് ശേഷം ഈ പ്രദേശം സമ്മര്‍ദ്ധത്താല്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു പ്രാദേശിക ബിഷപ്പിൻ്റെ കൊട്ടാരമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായും ഗവേഷകർ കരുതുന്നുണ്ട്. എക്സെറ്റർ സർവകലാശാലയിലെ പ്രഫസർ തിമോത്തി ഇൻസോളിന്റെയും ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൽ നിന്നുള്ള ഡോ. സൽമാൻ അൽമഹാരിയുടെയും നേതൃത്വത്തിലുള്ള സംയുക്‌ത പദ്ധതിയുടെ ഭാഗമായാണ് നേരത്തെ ഖനനം ആരംഭിച്ചത്.

More Archives >>

Page 1 of 983