News - 2024

കൊളംബിയയിലെ കത്തോലിക്ക ദേവാലയത്തില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കെ ഒരാൾ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 17-07-2024 - Wednesday

ബൊഗോട്ട: കൊളംബിയയിലെ കത്തോലിക്ക ദേവാലയത്തില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് കാലിയില്‍ സ്ഥിതി ചെയ്യുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തില്‍ ഇറാസ്മോ ട്രൂജില്ലോ വെടിയേറ്റ് കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. ട്രൂജില്ലോ മോപ്പൻ്റെ ദാരുണാന്ത്യത്തില്‍ പ്രാദേശിക ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് ഫെർണാണ്ടോ റോഡ്രിഗസ് ദുഃഖം പ്രകടിപ്പിച്ചു. പുണ്യസ്ഥലങ്ങൾക്കു നേരെ നടക്കുന്ന അക്രമം സമൂഹത്തിൽ ഭയവും നിരാശയും ഉളവാക്കുന്നതായും പവിത്രമായ മനുഷ്യജീവനുനേരെയുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി നിരാകരിക്കുകയാണെന്നും പറഞ്ഞു.

യേശുവിൻ്റെ ദിവ്യകാരുണ്യ സാന്നിധ്യത്തിൽ പരിശുദ്ധമായ ദേവാലയത്തിനുള്ളിൽ ഒരു കൊലപാതകം നടക്കുമ്പോൾ ഇത് കൂടുതൽ ഗൗരവമുള്ളതാകുന്നുവെന്നും കാരണം ഒരു വ്യക്തിയുടെ ജീവൻ മാത്രമല്ല, സമാധാനവും അപഹരിക്കപ്പെടുമെന്നും അത്യന്തം അപലപനീയമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കൊലപാതകം നടത്തിയവരുടെ മാനസാന്തരത്തിനും നീതിക്ക് കീഴടങ്ങാനും കർത്താവിനോട് പ്രാർത്ഥിക്കുന്നതായും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ദേവാലയത്തില്‍ പരിഹാര പ്രാര്‍ത്ഥന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 19 വെള്ളിയാഴ്ച നടക്കുന്ന പരിഹാര പ്രാര്‍ത്ഥനാദിനത്തിൽ എല്ലാവരും പങ്കുചേരണമെന്ന് സഭാനേതൃത്വം ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയും ജാഗരണ പ്രാര്‍ത്ഥനയും നടക്കും. ശുശ്രൂഷകളുടെ ഭാഗമായി തെരുവ് ചുറ്റിയുള്ള പ്രാര്‍ത്ഥനയും ഒരുക്കുന്നുണ്ട്. ദേവാലയം അതുവരെ അടച്ചിട്ടിരിക്കുകയാണ്. കാലിയിലെ പ്രദേശങ്ങളില്‍ അക്രമം വർദ്ധിച്ചതിനെത്തുടർന്ന് ജൂൺ 2 ന്, ആർച്ച് ബിഷപ്പ് നഗരത്തിൽ സമാധാനം സംജാതമാകുന്നതിന് വിശുദ്ധ കുർബാനയിൽ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തിയിരിന്നു.

More Archives >>

Page 1 of 982