News

കുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ അതിഥിയായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 19-07-2024 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന ആശ്രിതരുടെ മക്കൾക്കായി ഒരുക്കിയ കുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ ഫ്രാൻസിസ് പാപ്പയെത്തി. സംഘാടകർക്കും കുട്ടികൾക്കും ഏതാനും രക്ഷാകർത്താക്കൾക്കുമൊപ്പം പ്രാർത്ഥിച്ചും, സംവദിച്ചും സമയം ചിലവഴിച്ച പാപ്പ തന്റെ ബാല്യകാല സ്മരണകൾ പങ്കുവയ്ക്കുകയും ചെയ്തു. "കുട്ടികളുടെ വേനൽക്കാലം" എന്ന പേരിലാണ് പരിപാടി നടന്നത്. സഹോദരങ്ങൾ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോൾ, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കണമെന്നും ഒരിക്കലും സംഘർഷമനോഭാവത്തോടെ ഉറങ്ങാൻ പോകരുതെന്നും പാപ്പ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

കുട്ടികളുമായി സംവദിച്ച പാപ്പ വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കി. ചെറുപ്പത്തിൽ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികൾ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവർ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് മറുപടി നൽകി. താൻ തന്റെ പിതൃ മാതൃ വഴികളിലുള്ള മുത്തശ്ശീമുത്തച്ഛന്മാരുടെ കൂടെ സമയം ചിലവഴിച്ചിരുന്ന കാര്യവും കുട്ടികൾ മുത്തശ്ശീമുത്തച്ഛന്മാർക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ അവരിൽനിന്ന് അനേകകാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്ന കാര്യവും പ്രത്യേകം എടുത്തുപറഞ്ഞു. 2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലി വർഷത്തിനായി എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന ചോദ്യത്തിനും പാപ്പ മറുപടി നല്‍കി.

ജൂബിലി, എന്നത് 'സന്തോഷം' എന്ന വക്കിൽനിന്നാണ് വരുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, സന്തോഷത്തോടെ വേണം ജൂബിലിക്കായി ഒരുങ്ങേണ്ടതെന്നും, എന്നാൽ ഇതിന് വിനോദകലാപരിപാടികളിലേർപ്പെടുക എന്ന അർത്ഥമില്ലെന്നും, എല്ലാ വിനോദപരിപാടികളും നല്ലതാകണമെന്നില്ലെന്നും പാപ്പ കുട്ടികളോട് പറഞ്ഞു. സമ്മേളനത്തിന്റെ അവസാനത്തിൽ ക്യാമ്പിൽ സംബന്ധിച്ച എല്ലാ കുട്ടികൾക്കുമൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത ഫ്രാൻസിസ് പാപ്പ, അവർക്കൊപ്പം വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി. "കുട്ടികൾ ദൈവത്തിന് പ്രിയപ്പെട്ടവരാണ്" എന്ന സന്ദേശവും ബലൂണുകളിൽ രേഖപ്പെടുത്തിയിരുന്നു.

More Archives >>

Page 1 of 984