News - 2024

പാരീസ് ആസ്ഥാനമായ സന്യാസ സമൂഹത്തിന് വീണ്ടും മലയാളിയായ സുപ്പീരിയർ ജനറല്‍

പ്രവാചകശബ്ദം 18-07-2024 - Thursday



കോട്ടയം: പാരീസ് ആസ്ഥാനമായ 35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഡോ. രേഖ ചേന്നാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി സുപ്പീരിയർ ജനറലായി പ്രവർത്തിച്ചുവരികയായി രുന്നു. കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി സ്വദേശിനിയാണ്.

അമേരിക്കയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റർ രേഖ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെമിനാരികളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചേന്നാട്ട് പരേതനായ ജോസഫ് -മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സിസ്റ്റർ ഗീത, സിസ്റ്റർ ആനീസ്, സേവി, റവ.ഡോ. അഗസ്റ്റിൻ (മംഗലപ്പുഴ), ദീപ എന്നി വർ സഹോദരങ്ങളാണ്.

1839-ൽ അക്കാലത്തെ അറിയപ്പെടുന്ന വാഗ്മിയായിരുന്ന അബ്ബെ കോംബാലോട്ടിൻ്റെ നിർദ്ദേശപ്രകാരം യൂജീനി മില്ലറെട്ടാണ് റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷൻ സന്യാസ സമൂഹത്തിന് ആരംഭം കുറിച്ചത്. "നിൻ്റെ രാജ്യം വരേണമേ" എന്നതാണ് സന്യാസ സമൂഹത്തിന്റെ ആപ്തവാക്യം. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആയിരത്തിഇരുനൂറിലധികം സന്യസ്തര്‍ സേവനം ചെയ്യുന്നുണ്ട്.

More Archives >>

Page 1 of 984