News

ഏകാധിപത്യ ഭരണകൂടം മെത്രാനെ നാടു കടത്തിയതിന് ശേഷം മതഗൽപ്പ രൂപതയില്‍ ആദ്യമായി തിരുപ്പട്ട സ്വീകരണം

പ്രവാചകശബ്ദം 23-07-2024 - Tuesday

മനാഗ്വേ: ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ ഭരണകൂടം വേട്ടയാടി കത്തോലിക്ക മെത്രാനെ തടങ്കലിലാക്കിയതിന് ശേഷം ഇതാദ്യമായി മതഗൽപ്പ രൂപതയില്‍ തിരുപ്പട്ട സ്വീകരണം നടന്നു. ജൂലൈ 20നു നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഒരു വൈദികനും ഏഴ് ഡീക്കന്മാരും അഭിഷിക്തരായി. നിക്കരാഗ്വേയിലെ മതഗൽപ്പ ബിഷപ്പ് റോളാൻഡോ അൽവാരെസിനെ 2022 ഓഗസ്റ്റ് മുതൽ വിവിധ തരത്തിലുള്ള വീട്ടുതടങ്കലില്‍ ആക്കിയതിന് ശേഷം 2023 ഫെബ്രുവരി 10ന് 26 വർഷത്തെ തടവിന് ശിക്ഷിച്ചിരിന്നു. സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് മെത്രാനും കത്തോലിക്ക സഭയ്ക്കെതിരെ ഭരണകൂടം തിരിയുവാന്‍ കാരണമായിരിന്നത്.

പിന്നീട് ബിഷപ്പിനെ ഏകാധിപത്യ ഭരണകൂടം അകാരണമായി റോമിലേക്ക് നാടുകടത്തിയിരിന്നു. ബിഷപ്പ് അൽവാരസിനെ നാടുകടത്തിയതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിൻ്റെ അഭാവത്തിൽ തിരുപ്പട്ട സ്വീകരണം നടന്നത്. നിക്കരാഗ്വേന്‍ ബിഷപ്പ് കോൺഫറൻസിൻ്റെ പ്രസിഡൻ്റും ജിനോട്ടെഗയിലെ ബിഷപ്പുമായ കാർലോസ് എൻറിക് ഹെരേരയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുപ്പട്ട സ്വീകരണം നടന്നത്.

2020-ൽ മതഗൽപ്പ രൂപതയ്ക്ക് ഉണ്ടായിരുന്ന 60 വൈദികരിൽ ഭൂരിഭാഗവും പ്രസിഡന്‍റ് ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്താൽ അറസ്റ്റു ചെയ്യപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു നിക്കരാഗ്വേന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാൻ ഇടപെടലിന് ശേഷം ജനുവരിയിലാണ് ബിഷപ്പ് അല്‍വാരെസിനെ റോമിലേക്ക് നാടുകടത്തിയത്. ജനുവരിയിൽ റോമിൽ എത്തിയ ശേഷം ബിഷപ്പ് അൽവാരെസ് പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

More Archives >>

Page 1 of 986