News - 2024

അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കെതിരെ നിലക്കൊണ്ടതിന് ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയ്ക്കു മൂന്നു വര്‍ഷത്തെ തടവ്

പ്രവാചകശബ്ദം 27-07-2024 - Saturday

ന്യൂയോര്‍ക്ക്: ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയ്ക്കു മൂന്നു വര്‍ഷത്തെ തടവുശിക്ഷ. ന്യൂയോര്‍ക്കിലെ മാൻഹട്ടനിലെ ഫെഡറൽ കോടതിയാണ് 33 വയസ്സുള്ള യുവ അമ്മയും പ്രോലൈഫ് ആക്ടിവിസ്റ്റുമായ ബെവ്‌ലിൻ ബീറ്റിയ്ക്കു ക്ലിനിക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യ നിയമം (ഫേസ്) ലംഘിച്ചുവെന്ന് ആരോപിച്ച് തടവിന് ശിക്ഷിച്ചിരിക്കുന്നത്. അബോർഷൻ ക്ലിനിക്കിന് പുറത്ത് സുവിശേഷം പ്രസംഗിച്ചതിന് ശേഷം ക്ലിനിക്ക് ജീവനക്കാരൻ്റെ പ്രവേശനം തടഞ്ഞെന്നാണ് ബെവ്‌ലിന് നേരെയുള്ള ആരോപണം. ബെവ്‌ലിൻ ബീറ്റി വില്യംസിനെ മൂന്ന് വർഷവും അഞ്ച് മാസവുമാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.

ഭ്രൂണഹത്യ നടത്താന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് നേരെ ഭീഷണിയുമായി നിലക്കൊണ്ടുവെന്നാണ് കോടതി പറയുന്നത്. ജീവൻ്റെ കാര്യത്തിൽ തന്റെ വിശ്വാസങ്ങൾക്കായി നിലകൊണ്ടതിന് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് വില്യംസ് പ്രതികരിച്ചു. ശിക്ഷ വിധിക്കുന്നതിന് മുന്‍പ് ചെറുപ്പമാണെന്നും, 2 വയസ്സുള്ള മകളിൽ നിന്ന് മൂന്ന് വർഷത്തേക്ക് മാറ്റിനിര്‍ത്തരുതെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയ്ക്കെതിരെ അപ്പീലിന് പോകുമെന്ന് ബെവ്‌ലിൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ ഫേസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട നിരവധി പ്രോലൈഫ് പ്രവർത്തകരിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് ബെവ്‌ലിൻ. കത്തോലിക്ക വൈദികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ശിക്ഷയ്ക്ക് ഇരയായിട്ടുണ്ട്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ജനിച്ച ബെവ്‌ലിൻചെറുപ്പത്തില്‍ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും അടിമയായി ജീവിതം നയിച്ചിരിന്ന വ്യക്തിയായിരിന്നു. പിന്നീട് മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസത്തിലേക്ക് വരികയും ജീവന്റെ സംരക്ഷണത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുകയുമായിരിന്നു.

More Archives >>

Page 1 of 988