News - 2024

വിശുദ്ധയാകാൻ മഠത്തിൽ പ്രവേശിച്ച അൽഫോൻസ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 29

സി. റെറ്റി FCC 29-07-2024 - Monday

"ഞാൻ മഠത്തിൽ പ്രവേശിച്ചത് വിശുദ്ധയാകാനാണ്. അനേകം തടസ്സങ്ങൾ തരണം ചെയ്ത ഞാൻ പുണ്യവതിയാകാനല്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്?" - വിശുദ്ധ അൽഫോൻസ.

"വിശുദ്ധനാകുന്നതിന് ആഗ്രഹം പുലർത്താത്തവൻ ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, യഥാർത്ഥ ക്രിസ്ത്യാനിയല്ല" എന്നാണ് വിശുദ്ധ ലിഗോരി പറഞ്ഞിട്ടുള്ളത്. നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (Mt5/48) എന്ന് പറഞ്ഞ് യേശു എല്ലാവരെയും വിശുദ്ധിയിലേക്ക് ക്ഷണിക്കുന്നു. ശുദ്ധ ജീവിതം എല്ലാവർക്കും പ്രാപ്യമാണെന്ന് വിശുദ്ധ ഫ്രാൻസിസ് സെയിൽസ് 'ഭക്തിമാർഗ്ഗ പ്രവേശിക 'എന്ന പുസ്തകത്തിൽ പറയുന്നു. ദൈവത്തിന്റെ ജനം എന്ന നിലയിൽ ഇസ്രായേൽ ജനത്തെ വിശുദ്ധ സമൂഹമായി കണക്കാക്കിയിരുന്നു (Due:33/2-3).

പുതിയ നിയമത്തിൽ ക്രിസ്ത്യാനികളെ വിശുദ്ധരെന്ന് വിശേഷിപ്പിക്കുന്നുണ്ട് വിശുദ്ധി ദൈവത്തിന്റെ സ്വഭാവമാണ്. അതിലുള്ള ഭാഗഭാഗീ ത്വം മാത്രമാണ് മനുഷ്യരുടെത്. തന്റെ മുമ്പിൽ പരിശുദ്ധരായിരിക്കുവാൻ ലോക സ്ഥാപനത്തിന് മുമ്പ് തന്നെ ദൈവം നമ്മെ തെരഞ്ഞെടുത്തു എന്ന് പൗലോസ് ശ്ലീഹ വിശദീകരിക്കുന്നു (Eph:1/4). നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്.യേശുക്രിസ്തുവിന്റെ കൃപയാണ് നമ്മുടെ വിശുദ്ധിയുടെ ഒരു സുപ്രധാന ഘടകം.യേശുവാണ് നമ്മെ വിശുദ്ധീകരിക്കുക്കന്നത്. വിശുദ്ധി ഒന്നേയുള്ളൂ അത് ക്രിസ്തുവിന്റെ പരിശുദ്ധിയാണ്.

ക്രിസ്തു മാത്രമേ പരിശുദ്ധനായ ഉള്ളൂ യേശുവിന്റെ പരിശുദ്ധിയിൽ പങ്കുചേർന്നുകൊണ്ട് മാത്രമേ നമുക്ക് വിശുദ്ധരാകാൻ കഴിയൂ. നമ്മുടെ വിശുദ്ധി ക്രിസ്തുവുമായും ക്രിസ്തുവിന്റെ മൗദീകശരീരമായ സഭയുമായും ബന്ധപ്പെട്ടിരിക്കുന്നു. തിരുസഭയിൽ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് (തിരുസഭ11,39,40).

സ്വർഗ്ഗത്തിന്റെ പരിശുദ്ധി പ്രകാശിച്ചു നിൽക്കുന്ന വിശുദ്ധരുടെ ദൈവം തന്നെ സാന്നിധ്യവും തിരുമുഖ ദർശനവും നമുക്ക് നൽകുന്നു. ചെറുപ്പത്തിൽ തന്നെ മുട്ടത്ത് പാടത്ത് അന്നക്കുട്ടിയും വിശുദ്ധയാകണമെന്ന് ആഗ്രഹിച്ചു.അവളുടെ വാക്കുകൾ തന്നെ ബഹുമാനപ്പെട്ട റോമുളുസ്അച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു പുണ്യവതി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു".

വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകം വായിച്ചപ്പോൾ മുതലാണ് അങ്ങനെ തോന്നിത്തുടങ്ങിയത്. വീടിന്റെ അടുത്തുള്ള കർമലീത്താ മഠത്തിൽ ബന്ധമുള്ള ഒരു അമ്മയെ കാണാൻ പോകുമ്പോഴൊക്കെ 'കുഞ്ഞ് ഒരു പുണ്യവതി ആകണ"മെന്ന് ഉപദേശിക്കാറുണ്ടായിരുന്നു അത് കേൾക്കുമ്പോൾ എന്റെ ആശ ഇരട്ടിക്കും. വിശുദ്ധയാകാനായി അവൾ തീവ്രമായി പ്രാർത്ഥിക്കുകയും വളർത്തമ്മ കാണാതെ കഠിനമായ പരിത്യാഗവും ഉപവാസവും അനുഷ്ഠിക്കുകയും പതിവായി.

പുണ്യ ജീവിതത്തിന്റെ ഗിരീശൃംഗത്തിൽ എത്തിച്ചേരുക എന്ന തന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തു ക്ലേശവും സഹിക്കാൻ അൽഫോൻസാമ്മ സന്നദ്ധയായിരുന്നു. നവ സന്യാസകാലത്ത് അതിസൂഷ്മമായ നിയമങ്ങൾ പോലും കൃത്യമായി അനുഷ്ഠിക്കുന്നതിൽ അവൾ അത്യുൽസാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പരിപൂർണ്ണതയിലേക്കുള്ള പാത തെരഞ്ഞെടുത്ത സന്യാസിനിയായ അൽഫോൻസാമ്മ യേശുവിൽ ദൃഷ്ടികൾ ഉറപ്പിച്ച് സഹനവും മൗനവും സ്നേഹിക്കാനുള്ള ചങ്കൂറ്റവും വിശുദ്ധിയുടെ സവിശേഷ ചൈതന്യമാക്കി ഭാരതത്തിന്റെ ആത്മാവിൽ ചാലിച്ചു ചേർത്തു.

നവസന്യാസ കാലത്ത് അൽഫോൻസാമ്മ മദർ ഉർസുലാമ്മയോട് ഒരു ദിവസം പറഞ്ഞു : അമ്മേ ഞാൻ ഇവിടെ വന്നത് ഒരു വിശുദ്ധയാകാനാണ്, ഒരു വിശുദ്ധയാകണം എന്ന തീവ്രവും അചഞ്ചലവുമായി ആഗ്രഹം മൂലം അവൾ സമ്പൂർണ്ണ സ്വയം ശൂന്യമാക്കലിനും സ്വയാർപ്പണത്തിനും തയ്യാറായി. ദൈവത്തോടുള്ള തീക്ഷ്ണമായ സ്നേഹം, ആത്മാർത്ഥമായ പരസ്നേഹം, സഹിക്കാനുള്ള അനന്യമായ കഴിവ്, പ്രാർത്ഥനാജീവിതം, എളിമ, വ്രതങ്ങളോടുള്ള ത്യാഗനിർഭരമായ മനോഭാവം, ദൈവാശ്രയ ബോധം എന്നിവയൊക്കെ അൽഫോൻസാമ്മയുടെ വിശുദ്ധയാകാനുള്ള അഭിലാഷത്തെ സാക്ഷാത്കരിച്ചു.

അൽഫോൻസാമ്മ ബഹുമാനപ്പെട്ട ലൂയിസച്ഛന് അയച്ച കത്തിൽ പറയുന്നു :"എന്റെ പിതാവേ എന്നെ ഒരു പുണ്യവതിയാക്കണമേ എനിക്ക് വളരെയധികം പോരായ്മകൾ ഉണ്ട്. " ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും അൽഫോൻസാമ്മ പുണ്യത്തിന്റെ പടികൾ ഒന്നൊന്നായി ചവിട്ടി കയറി. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന സഭയ്ക്ക് ലക്ഷ്യബോധവും ആശ്വാസവും നൽകുന്ന നാഴികക്കല്ലും ചൂണ്ടുപലകയുമാണ് അൽഫോൻസാമ്മ.

എനിക്കും വിശുദ്ധനാകണം/ വിശുദ്ധയാകണം എന്ന തീവ്രമായ ആഗ്രഹത്തോടെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുവാനും ജീവിത സഹനങ്ങൾ മടികൂടാതെ ഏറ്റെടുക്കുവാനും അതുവഴി ദൈവത്തിൽ സ്ഥിരീകരിക്കപ്പെട്ട, നീതീകരിക്കപ്പെട്ട വ്യക്തികളാകുവാനും വിശുദ്ധ അൽഫോൻസാമ്മ എന്നും നമുക്ക് പ്രചോദനവും ശക്തിയും ആയിരിക്കട്ടെ.

More Archives >>

Page 1 of 989