News - 2024

ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകാൻ കെസിബിസി

04-08-2024 - Sunday

കോട്ടയം: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നൽകാൻ പദ്ധതിയൊരുക്കുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദീപികയും കെസിബിസിയും ചേർന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിപുലമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കിയത്.

ദുരിതബാധിതരെ സഹായിക്കാൻ മാനന്തവാടി രൂപത കർമപദ്ധതി തയാറാക്കിയതായി മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും അറിയിച്ചു. മാനന്തവാടിക്കടുത്ത് എട്ടേക്കർ ഭൂരഹിതർക്കായി നൽകാൻ തയാറാണ്. 50 വീടുകളും നിർമിച്ചു നൽകും. കൂടാതെ 200 കുടുംബങ്ങൾക്ക് 30,000 രൂപ വിലവരുന്ന വീട്ടുപകരണങ്ങളടങ്ങുന്ന കിറ്റ് നൽകുമെന്നും മാർ ജോസ് പൊരുന്നേടം അറിയിച്ചു.

ഭവനരഹിതർക്കു വീടുവയ്ക്കാൻ ഭൂമി നൽകുമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ യോഗത്തിൽ അറിയിച്ചു. വിലങ്ങാട് 50 വീടുക ളുടെ നിർമാണത്തിൽ സഹകരിക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജി യോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പൂർണമായി തകർന്ന 14 വീടുകൾ നിർമി ച്ചു നൽകുകയും ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും. കേരള സോഷ്യൽ സർവീസ് ഫോറം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കാരിത്താസ് ഇന്ത്യയും സംരംഭത്തിൽ സഹകരിക്കും. എല്ലാ രൂപതകളുടെയും സഹകരണം ഉറപ്പാക്കി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇട പെടാനും കൗൺസലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കാനും യോഗം തീരുമാനിച്ചു.

ജെപിഡി കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കെഎസ്എസ്എഫ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ദീപിക എക്‌സി. ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, വിവിധ രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അക്കൗണ്ട് നമ്പർ: 196201000000100

ഐഎഫ്എസ്സി നമ്പർ: IOBA0001962

ഫോൺ: 9495510395

More Archives >>

Page 1 of 991