News
ഭൂതോച്ചാടന രഹസ്യങ്ങളുമായി "ദ എക്സോർസിസ്റ്റ് ഫയല്‍സ്" ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 18-08-2024 - Sunday
ന്യൂയോര്‍ക്ക്: ഭൂതോച്ചാടകനായ വൈദികന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന "ദ എക്സോർസിസ്റ്റ് ഫയല്‍സ്" ശ്രദ്ധ നേടുന്നു. അവതാരകനായ റയാൻ ബെഥിയയും ഫാ. കാർലോസ് മാർട്ടിൻസും ചേർന്ന് നടത്തുന്ന പോഡ്കാസ്റ്റിന് നിരവധി പേരാണ് ശ്രോതാക്കളായിട്ടുള്ളത്. 2023 ജനുവരിയിൽ ആദ്യ പോഡ്കാസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സീരീസിന് അനേകം പ്രേക്ഷകരെ ലഭിച്ചിരിന്നു. സഭയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ മാർട്ടിൻസിൻ്റെ കേസ് ഫയലുകളുടെ പുനരാവിഷ്കരണമാണ് പോഡ്കാസ്റ്റില്‍ അവതരിപ്പിക്കുന്നത്.
വൈദികന്റെ ജീവിതത്തില്‍ നടത്തിയ വിവിധ ഭൂതോച്ചാടനങ്ങളും സംഭവങ്ങളും ഇതില്‍ പ്രമേയമാകുന്നുണ്ട്. പോഡ്‌കാസ്റ്റിൻ്റെ സീസൺ 2 ജൂലൈ 16-നാണ് പുറത്തിറങ്ങിയത്. മ്യൂസിക്ക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയിലെ റിലീജീയന്‍ വിഭാഗത്തില്‍ ആദ്യ പത്തു സ്ഥാനത്തു ഇടം നേടിയ സീരീസ് കൂടിയാണിത്. മറ്റുള്ള പോഡ്‌കാസ്‌റ്റില്‍ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നത് അത് നൽകുന്ന ത്രീഡി ബൈനറൽ അനുഭവമാണ്.
ത്രിമാന ലെയറിങ് ശബ്‌ദങ്ങൾ ഉപയോഗിച്ചുള്ള പോഡ്‌കാസ്‌റ്റ് ശ്രോതാവിന് സംബന്ധിച്ചിടത്തോളം വലിയ അനുഭവം പകരുകയാണ്. ഫാ. മാർട്ടിൻസിനൊപ്പം ആ മുറിയിലാണെന്ന തോന്നലാണ് ശ്രോതാക്കള്‍ക്കു ലഭിക്കുന്നത്. പൈശാചിക പീഡയാല്‍ കഷ്ടപ്പെടുന്ന വ്യക്തിയുമായി സംസാരിക്കുകയും ഭൂതോച്ചാടനം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതികരണവും പോഡ്കാസ്റ്റിലുണ്ട്. നിരവധി പ്രൊഫഷണൽ സൌണ്ട് റെക്കോര്‍ഡിംഗ്, മിക്സിംഗ്, എഞ്ചിനീയറിംഗ് എന്നിവ ഉള്‍പ്പെടെ സമന്വയിപ്പിച്ചുക്കൊണ്ടാണ് അവതരണമെന്നതും ശ്രദ്ധേയമാണ്.