News - 2024

കാണാതായ മെക്‌സിക്കൻ വൈദികന്റെ മൃതശരീരം കണ്ടെത്തി

പ്രവാചകശബ്ദം 20-08-2024 - Tuesday

ജാലിസ്കോ: മെക്സിക്കോയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ വൈദികന്റെ മൃതശരീരം കണ്ടെത്തി. ഫാ. ഐസയാസ് റാമിറസ് ഗോൺസാലസ് എന്ന വൈദികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൻ്റെ സഹോദരിയുടെ വസതിയിലേക്ക് പോകാൻ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് വൈദികനെ അവസാനമായി കണ്ടതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ വൈദികന്‍ ഇവിടെ എത്തിചേര്‍ന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഗ്വാഡലജാരയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കുള്ള സപോട്ട്‌ലാനെജോ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. വൈദികന് ഒന്നില്‍ അധികം തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:49ന് ജാലിസ്കോ ഗ്വാഡലജാരയിലെ സപോട്ട്‌ലാനെജോ, ടൊണാല പട്ടണങ്ങളുടെ അതിർത്തിയിലുള്ള ഒരു പാലത്തിനടിയില്‍ നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ജാലിസ്കോ തലസ്ഥാനത്തെ മൂന്ന് പള്ളികളിൽ ഫാ. റാമിറസ് ഗോൺസാലസ് പതിവായി വിശുദ്ധ കുർബാന അര്‍പ്പിക്കുകയും മറ്റ് രണ്ട് പള്ളികളിലും സേവനം ചെയ്തു വരികയായിരിന്നുവെന്ന് രൂപത അറിയിച്ചു. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും അധികം സുരക്ഷ ഭീഷണിയുള്ള രാജ്യമാണ് മെക്സിക്കോ.

More Archives >>

Page 1 of 996