News - 2024

"യേശു ക്രിസ്തു ജീവിക്കുന്നു" എന്ന സന്ദേശവുമായി ബിഷപ്പ് ഓടിയത് 42 കിലോമീറ്റര്‍ ദൂരം

പ്രവാചകശബ്ദം 28-08-2024 - Wednesday

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ നടന്ന മാരത്തോണില്‍ 30,000 ഓട്ടക്കാരോടൊപ്പം ക്രിസ്തു സന്ദേശവുമായി കത്തോലിക്ക മെത്രാനും. "യേശു ജീവിക്കുന്നു" എന്ന ടി ഷര്‍ട്ട് ധരിച്ച് 42 കിലോമീറ്റര്‍ ദൂരമാണ് ബിഷപ്പ് ഓടിയത്. മെക്സിക്കോ അതിരൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് കാർലോസ് എൻറിക് സമാനിഗോ ലോപ്പസിൻ്റെ ഈ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുകയാണ്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒളിമ്പിക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ആരംഭിച്ച് രാജ്യതലസ്ഥാനത്തിൻ്റെ പ്രധാന ഇടങ്ങളിലൂടെ കടന്നുപോയ ഓട്ടം 42.195 കിലോമീറ്റർ ദൂരമാണ് നീണ്ടത്.

പൊതു മാരത്തോണ്‍ ഓട്ടത്തില്‍ 'വിവ ക്രിസ്റ്റോ' എന്ന ടി ഷര്‍ട്ട് ധരിച്ച് 50 വയസ്സുള്ള ബിഷപ്പ് സമാനിഗോ ലോപ്പസ് നടത്തിയ സാക്ഷ്യത്തിന് അഭിനന്ദന പ്രവാഹമാണ്. സ്വർഗത്തിലേക്കുള്ള പാത തടസ്സങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞതാണ്. എന്നാൽ മങ്ങാത്ത കിരീടത്തിനായി ഓടിയ വിശുദ്ധരെപ്പോലെ നാം നയിക്കപ്പെടുന്നു. അതിനായി ഓടുകയാണ്. ദൈവവും തൻ്റെ മാതാപിതാക്കളും ഫിനിഷ് ലൈനിൽ എന്നെ കാത്തിരിക്കുകയാണെന്ന തോന്നലോടെയാണ് ഓട്ടം പൂര്‍ത്തീകരിച്ചതെന്നും ബിഷപ്പ് കാർലോസ് പറഞ്ഞു.

ഓട്ടം ഓടുന്നതിനെ, മല കയറുന്നതിനെ “ജീവിതയാത്ര”യോടാണ് ബിഷപ്പ് ഉപമിച്ചത്. ഈ യാത്രയിൽ, "വിശുദ്ധിയും സ്വർഗ്ഗവുമാണ് ലക്ഷ്യം". ഒരു ഓട്ടത്തിലെന്നപോലെ, വേദനയുണ്ടെങ്കിൽപ്പോലും ലക്ഷ്യം എല്ലാറ്റിനും ഉപരിയായി വിലയുള്ളതാണ്. കാരണം അത് ശാശ്വതമാണ്. ചിയാപാസിലെ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപതയിലെ ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ തനിക്ക് ഏറെ പ്രചോദനം പകര്‍ന്നിട്ടുണ്ടെന്നും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഓട്ടമാണ് നാം പൂര്‍ത്തീകരിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. 42 ലക്ഷത്തിലധികം വിശ്വാസികളാണ് മെക്സിക്കോ സിറ്റി അതിരൂപതയിലുള്ളത്.

More Archives >>

Page 1 of 998