News
കൊടിയ പീഡനത്തിലും ക്രിസ്തു സ്നേഹം പ്രഘോഷിച്ച ജാൻ ഹാവ്ലിക്ക് വാഴ്ത്തപ്പെട്ട നിരയില്‍
പ്രവാചകശബ്ദം 02-09-2024 - Monday
ബ്രാറ്റിസ്ലാവ: സ്ലോവാക്യയിൽ കമ്മ്യുണിസ്റ്റ് ആധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സിൽ മരണമടഞ്ഞ ദൈവദാസൻ ജാൻ ഹാവ്ലിക്കിനെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തി. ആഗസ്റ്റ് 31 ശനിയാഴ്ച സ്ലോവാക്യയിലെ സഷ്ടീനിൽ (Šaštín) കന്യകാമറിയത്തിന്റെ സപ്ത വ്യാകുലങ്ങളുടെ ബസിലിക്കയുടെ അങ്കണത്തിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാറോയുടെ മുഖ്യകാർമ്മികത്വത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കർമ്മങ്ങൾ നടന്നത്.
1928 ഫെബ്രുവരി 12നു പടിഞ്ഞാറൻ സ്ലോവാക്യയിലെ ഗ്രാമമായ ഡുബോവ്സെയിലാണ് അദ്ദേഹത്തിന്റെ ജനനം. 1943-ൽ അദ്ദേഹം വിശുദ്ധ വിൻസൻറ് ഡി പോളിൻറെ പ്രേഷിത സമൂഹത്തിൽ ചേർന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായ പീഡനം അഴിച്ചുവിട്ടതോടെ പ്രേഷിത സമൂഹത്തിന് വിലക്കായി. പിന്നീട് രാഷ്ട്രീയ പുനർശിക്ഷണം എന്ന പേരുപറഞ്ഞ് അദ്ദേഹത്തെ സുരക്ഷാധികാരികൾ ഒരിടത്തേക്കു മാറ്റി. കഠിനമായ ജോലികളിലേർപ്പെടേണ്ടി വന്നെങ്കിലും രഹസ്യമായി അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം തുടർന്നുപോന്നു.
സെമിനാരി അധികാരികളും വൈദികാർത്ഥികളും അറസ്റ്റു ചെയ്യപ്പെടുകയും വഞ്ചനാക്കുറ്റത്തിന് 14 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീട് ശിക്ഷ 10 വർഷമായി ഇളവു ചെയ്യപ്പെട്ടു. കാരാഗൃഹത്തിലടയ്ക്കപ്പെട്ട അദ്ദേഹം കൊടിയ പീഡനങ്ങളേറ്റിരിന്നു. തടങ്കലിലെ കഠിനമായ അവസ്ഥ അദ്ദേഹത്തെ രോഗിയാക്കി. പിന്നീട് 1962-ൽ ഒക്ടോബർ 29 -ന് കാരാഗൃഹത്തിൽ നിന്നു പുറത്തു വന്ന ജാൻ ഹാവ്ലിക്ക് 1965 ഡിസംബർ 27-ന് സ്കലിത്സായിൽ ആകസ്മിക മരണം സംഭവിച്ചു. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ 37 വയസ്സായിരുന്നു പ്രായം. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ ആയിരങ്ങള്‍ സഷ്ടീനിൽ എത്തിയിരിന്നു.