News

അംഗോളയിലെ പ്രഥമ കർദ്ദിനാള്‍ ദിവംഗതനായി

പ്രവാചകശബ്ദം 10-10-2024 - Thursday

ലുവാണ്ട: അംഗോളയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പ്രായമുള്ള കർദ്ദിനാളുമായ അലക്സാണ്ടർ ഡോ നാസിമെൻ്റോയ്ക്കു യാത്രാമൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തൻ്റെ ക്രിസ്‌തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദൈവജനത്തോടുള്ള തൻ്റെ സേവനത്തിൽ വിശ്വസ്തനായിരിക്കുകയും ചെയ്തു അംഗോളയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹം രാജ്യ തലസ്ഥാനത്തെ ലുവാണ്ട അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായിരിന്നു. ചൊവ്വാഴ്ച, ഹോളി ഫാമിലി ഇടവകയായ ലുവാണ്ടയിൽ നടന്ന മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം ലുവാണ്ടയിലെ കത്തോലിക്കാ അതിരൂപതയുടെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലില്‍ സംസ്കരിച്ചു.

1925 മാര്‍ച്ച് ഒന്നിനു മലഞ്ചെയിലാണ് ജനനം. സെമിനാരി പഠനത്തിന് ശേഷം 1952 ഡിസംബര്‍ 20നു അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 1975 ഓഗസ്റ്റ് 10-ന് പോൾ ആറാമൻ മാർപാപ്പ അലക്സാണ്ടർ നാസിമെൻ്റോയെ മലഞ്ചെയിലെ നാലാമത്തെ ബിഷപ്പായി നിയമിച്ചു. ഓഗസ്റ്റ് 31-ന് ആർച്ച് ബിഷപ്പ് ജിയോവാനി ഡി ആൻഡ്രിയയിൽ നിന്ന് അദ്ദേഹം തൻ്റെ മെത്രാന്‍ പട്ടം സ്വീകരിച്ചു. 1975 മുതൽ 1981 വരെ അംഗോളൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റായിരുന്ന നാസിമെൻ്റോ, 1977 ഫെബ്രുവരി 3-ന് ലുബാംഗോയിലെ മൂന്നാമത്തെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

1982 ഒക്ടോബർ 15-ന് ഇടയ സന്ദർശനത്തിനിടെ ആർച്ച് ബിഷപ്പ് നാസിമെൻ്റോയെ ഗറില്ലകൾ തട്ടിക്കൊണ്ടുപോയിരിന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉള്‍പ്പെടെ മോചനത്തിനായി ഇടപെട്ടതോടെ ഒരു മാസത്തിന് ശേഷം നവംബർ 16-ന് അദ്ദേഹം മോചിതനായി. 1983 ഫെബ്രുവരി 2-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 1984-ൽ മാർപാപ്പയ്ക്കും റോമൻ കൂരിയയിലെ അംഗങ്ങൾക്കും വേണ്ടി അദ്ദേഹം നോമ്പുകാല ആത്മീയ ധ്യാനങ്ങള്‍ നടത്തിയിരിന്നു. 1986 ഫെബ്രുവരി 16-ന് ലുവാണ്ട അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 75 വയസ്സു പൂര്‍ത്തിയായി വിരമിക്കല്‍ എത്തിയതോടെ 2001 ജനുവരി 23-ന് ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചു. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചിരിന്നു.

More Archives >>

Page 1 of 1010