News - 2025

ഫ്രാൻസിസ് മാർപാപ്പാ ഫിഡൽ കാസ്ട്രോയെ സന്ദർശിച്ചു

ജേക്കബ് സാമുവേൽ 22-09-2015 - Tuesday

ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമല്ലാതിരുന്നിട്ടും, രോഗഗ്രസ്ഥനായ ക്യൂബയുടെ മുൻനേതാവായ ഫിഡൽ കാസ്ട്രോയെ സന്ദർശിക്കുവാൻ പോപ്പ് ഫ്രാൻസിസ്, ഞാറാഴ്ച കുർബ്ബാനക്ക് ശേഷം സമയം കണ്ടെത്തി.

ഹവാനായിലെ റവല്യൂഷൻ സ്ക്കെയറിൽ വച്ച് നടന്ന ഞാറാഴ്ച കുർബ്ബാനക്ക് ശേഷം, 89-വയസ്സുള്ള രോഗാതുരനായ അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് പോപ്പ് ഫ്രാൻസിസ് ആനയിക്കപെട്ടു. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. വത്തിക്കാൻ വക്താവായ ജെസ്സ്യൂട്ട് വൈദികൻ ഫാ.ഫെഡറിക്കോ ലൊംബാർഡിയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

കാസ്ട്രോയുടെ ഭാര്യയുടേയും, മക്കളുടേയും, ചെറുമക്കളുടേയും സാന്നിദ്ധ്യത്തിലുള്ള കൂടിക്കാഴ്ചയെ അനൗപചാരിക കുടുംബസന്ദർശനമായിരുന്നെന്നാണ് ഫാ.ലെംബാർഡി വിശേഷിപ്പിച്ചത്.

2012-ൽ ബനഡിക്ട് പതിനാറാമനുമായി കാസ്ട്രോ നടത്തിയ സംഭാഷണത്തെ തുടർന്നുള്ള ചർച്ചയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്ര സാങ്കേതികവിദ്യ വികസന പദ്ധതികൾ സന്മാർഗ്ഗത്തിന് മേൽ ഉയർത്തുന്ന വെല്ലുവിളികൾ, വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം, ഈശ്വരവിശ്വാസം ഇല്ലാതെയോ, അല്ലങ്കിൽ ഈശ്വരൻ തന്നെയും ഇല്ലന്നുള്ള വിധത്തിൽ ജീവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ പോപ്പിനുണ്ടായിരുന്ന ഉത്കണ്ഠകൾ, എന്നിവ സഭ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നായിരുന്നു അന്ന് കാസ്ട്രോ ഉന്നയിച്ച ചോദ്യങ്ങൾ, ഫാ.ലൊംബാർഡി ഓർത്തെടുത്തു. അദ്ദേഹം തുടന്നു:-

ഈ വിഷയത്തെപറ്റിയുള്ള ‘ഏതാനം പുസ്തകങ്ങൾ’ തനിക്ക് അയച്ചു തരാൻ കമാണ്ടന്റ്കാസ്ട്രോ, പോപ്പിനോട് അഭ്യർത്ഥിച്ചു.

കാസ്ട്രോ നേരത്തെ ഉന്നയിച്ചിരുന്ന ചോദ്യങ്ങളിൻമേൽ ചർച്ചകൾ ആരംഭിച്ച് അതിന് അദ്ദേഹത്തെ സഹായിക്കാനുതകുന്ന പുസ്തകങ്ങൾ നൽകാൻ തയ്യാറായുമായിരുന്നു പോപ്പ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നത്. ഇതിലേക്കായി, ഇറ്റാലിയൻ വേദാഭ്യാസവിദഗ്ദനായ അലസ്സാണ്ടറോ പ്രൊൺസാറ്റോയുടെ രണ്ടു ഗ്രന്ഥങ്ങൾ പോപ്പ് അദ്ദേഹത്തിന് നൽകുകയും ചെയ്തു. ആത്മീയ ജീവിതത്തിൽ നർമ്മത്തിനും സന്തോഷത്തിനും ഉള്ള പ്രാധാന്യത്തെപറ്റിയുള്ളതായിരുന്നു ഒരു പുസ്തകം; സാമൂഹ്യ പ്രശ്നങ്ങളും സുവിശേഷവും എന്നതിനെപറ്റിയായിരുന്നു രണ്ടാമത്തെ പുസ്തകം.

കൂടാതെ, ക്യൂബയിലെ ബെലിനിലെ ഹൈസ്ക്കൂളിലെ കാസ്ട്രോയുടെ അദ്ധ്യാപകരിൽ ഒരാളായിരുന്ന ജസ്സ്യൂട്ട് വൈദികൻ, ഫാ.അർമൻ ഡോ ലൊറെൻന്റേ നിർമ്മിച്ച കുർബ്ബാന പ്രസംഗങ്ങളുടെ രണ്ട് C.D കളും ഒരു പുസ്തകവും പോപ്പ് അദ്ദേഹത്തിന് സമ്മാനിച്ചു.

സമ്മാനദാനസമാപനമെന്നോണം, “The joy of the Gospel" എന്ന തന്റെ അപ്പോസ്തോലികപ്രബോധനങ്ങളുടെ കോപ്പികളും, ‘Laudato si' എന്ന പരിസ്ഥിതിയെപറ്റിയുള്ള തന്റെ ചാക്രികലേഖനത്തിന്റെ കോപ്പികളും, മുൻകാല ക്യൂബൻ അനിഷേദ്ധ്യ നേതാവിന് പോപ്പ് കൊടുത്തു.

ഫ്രെയി ബെറ്റോ രചിച്ച, ‘Fidel and Religion: A conversation with Fidel Castro' എന്ന പുസ്തകം അദ്ദേഹം പോപിന് പ്രത്യുപകാരമായി നൽകി.

അന്ന് തന്നെ, പോപ്പ് ഫ്രാൻസിസിന്, കാസ്ട്രോയുടെ ഇളയ സഹോദനായ, പ്രസിഡന്റ് റൗൾ കാസ്ട്രോയെ ഹവാനായിലെ ഔദ്യോഗിക വസതിയിൽ ഔപചാരികമായി സന്ദർശിക്കേണ്ടതുണ്ടായിരുന്നു.

More Archives >>

Page 1 of 7