News

പാരീസ് മാതൃകയില്‍ ഇന്തോനേഷ്യയിലും കത്തോലിക്ക പുരോഹിതനു നേരെ വധശ്രമം

സ്വന്തം ലേഖകന്‍ 29-08-2016 - Monday

ജക്കാര്‍ത്ത: പാരീസ് മാതൃകയില്‍ ഇന്തോനേഷ്യയിലും കത്തോലിക്ക പുരോഹിതനു നേരെ വധശ്രമം. സുമാത്രയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള മെഡാന്‍ നഗരത്തിലെ സെന്റ് ജോസഫ് കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയായിരുന്ന വൈദികന് നേരെയാണ് വധശ്രമം ഉണ്ടായത്. പ്രാര്‍ത്ഥനാ സമൂഹത്തോടൊപ്പം നിലയുറപ്പിച്ച അക്രമി പുരോഹിതനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരിന്നു. വിശ്വാസികള്‍ ഓടികൂടി അക്രമിയെ കീഴ്‌പ്പെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. ഫാദര്‍ ആല്‍ബര്‍ട്ട് പാംഡിയാംഗനാണ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. പള്ളിക്കുള്ളില്‍ സ്‌ഫോടനം നടത്താന്‍ ശ്രമമുണ്ടായെങ്കിലും വിഫലമായി. സംഭവ സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

സംഭവത്തെ കുറിച്ച് വിശ്വാസികള്‍ പറയുന്നത് ഇങ്ങനെയാണ്. "വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ ദേവാലയത്തില്‍ നൂറു കണക്കിനു വിശ്വാസികള്‍ ഉണ്ടായിരുന്നു. ഈ സമയം അക്രമം നടത്തിയ യുവാവും വിശ്വാസികളുടെ കൂടെ തന്നെ നിലയുറപ്പിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്നു. പിന്നീട് തന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന മഴുവിനു സമാനമായ മൂര്‍ഛയുള്ള ആയുധവുമായി ഇയാള്‍ വൈദികന്റെ സമീപത്തേക്ക് ഓടിചെല്ലുകയും ആക്രമിക്കുകയുമായിരുന്നു. ഒരു നിമിഷം പകച്ചു നിന്ന വിശ്വാസികള്‍ ഓടികൂടി അക്രമിയെ കീഴ്‌പ്പെടുത്തി. ഈ സമയം തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു ഇയാള്‍ പൊട്ടിക്കുവാന്‍ ശ്രമിച്ചെങ്കിലും വിഫലമായി".

അന്വേഷണത്തിന്റെ മുഖ്യ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നുര്‍ ഫലാഹും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. "അക്രമിയുടെ ഉദ്ദേശം പുരോഹിതനെ വധിക്കുക എന്നതായിരുന്നു. വിശ്വാസികളേയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. ഇയാളുടെ പക്കല്‍ സൂക്ഷിച്ചിരുന്ന ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുവാനും ശ്രമം നടന്നു. ഭാഗ്യത്താല്‍ ബോംബ് നിര്‍വീര്യമായി പോയി". നൂര്‍ ഫലാഹ് മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ് തീവ്രവാദികളുടെ മാതൃകയിലാണ് ആക്രമണം നടന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടില്ല. അതേ സമയം ഐഎസിന്റെ പതാക ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ ഫാദര്‍ ആല്‍ബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ സമാന രീതിയിലുള്ള ആക്രമണം ഫ്രാന്‍സില്‍ നടന്നിരിന്നു. ദിവ്യബലി അര്‍പ്പിച്ച് കൊണ്ടിരിന്ന ഫാദര്‍ ജാക്വസ് ഹാമല്‍ എന്ന പുരോഹിതനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്താണ് അന്ന്‍ കൊലപ്പെടുത്തിയത്.

More Archives >>

Page 1 of 73