News - 2024

സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 31-10-2024 - Thursday

വത്തിക്കാന്‍ സിറ്റി: നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 30 ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികള്‍ക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിൽ നടത്തിയ പ്രഭാഷണമധ്യേയാണ് സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പാപ്പ പ്രത്യേകം പരാമർശിച്ചത്. ദൈവപിതാവിന്റെ അരികിലേക്കുള്ള നമ്മുടെ യാത്രയിൽ സഹായമേകുന്നവരാണ് വിശുദ്ധരെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു.

നമുക്ക് മുൻപേ സ്വർഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓർമ്മയാണ് നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളിൽ നാം അനുസ്മരിക്കുന്നത്. തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ, സ്വർഗ്ഗീയമഹത്വത്തിലേക്കുള്ള വിളിയെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വർഗ്ഗീയ മഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്വർഗ്ഗത്തിലായിരിക്കുന്ന സകല വിശുദ്ധരും അവരുടെ കൂട്ടായ്മയിലൂടെ നമുക്ക് തുണയേകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശുദ്ധരോടുള്ള വണക്കം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. സകല വിശുദ്ധരുടെയും തിരുനാൾ പൗരസ്ത്യദേശത്ത് നാലാം നൂറ്റാണ്ടോടെയാണ് ആരംഭിച്ചത്. ഇംഗ്ലണ്ടിലും അയർലണ്ടിലും എട്ടാം നൂറ്റാണ്ടോടെ നവംബർ ഒന്നാം തീയതി ഈ തിരുനാൾ ആചരിച്ചുവന്നു. ഒൻപതാം നൂറ്റാണ്ടോടെയാണ് റോമിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായി ഇതേ ദിനം അംഗീകരിക്കപ്പെട്ടത്. നാളെ നവംബർ ഒന്നാം തീയതി മദ്ധ്യാഹ്നത്തിൽ ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥന നയിക്കും.

More Archives >>

Page 1 of 1017