News - 2024
അധ്യാപകനായിരുന്നതിനാല്‍, പ്രായോഗിക ഭരണ നിര്‍വഹണത്തില്‍ താന്‍ വിദഗ്ധനല്ലായിരുന്നുവെന്ന് പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍
സ്വന്തം ലേഖകന്‍ 09-09-2016 - Friday
വത്തിക്കാന്‍: താന്‍ ഒരു അധ്യാപകനായിരുന്നുവെന്നും ഇതിനാല്‍ തന്നെ പ്രായോഗിക ഭരണത്തിന്റെ ചുമതലകള്‍ തനിക്ക് വഴങ്ങില്ലായിരുന്നുവെന്നും പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്റെ വെളിപ്പെടുത്തല്‍. ബനഡിക്റ്റ് പതിനാറാമന്റെ ജീവിതത്തെ സംബന്ധിച്ച് നവംബറില്‍ പുറത്തുവരുവാനിരിക്കുന്ന 'ലാസ്റ്റ് ടെസ്റ്റമെന്റ്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍ പീറ്റര്‍ സീവാള്‍ഡുമായി നടത്തിയ അഭിമുഖത്തിലാണ് പുതിയ പ്രതികരണം മുന്‍ മാര്‍പാപ്പ നടത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളിലുള്ള പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
"തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും അതിനെ വേഗത്തില്‍ നടപ്പിലാക്കുവാനും എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാന്‍ ഒരു അധ്യാപകനാണ്. ഇതിനാല്‍ തന്നെ ആത്മീയ കാര്യങ്ങളിലും പഠനങ്ങളിലുമാണ് ഞാന്‍ കൂടുതല്‍ ഇടപഴകിയിട്ടുള്ളത്. ഭരണതലത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്ക് വഴങ്ങുന്നതായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും ഈ ചുമതലയില്‍ ഞാന്‍ പരാജയപ്പെട്ടില്ല. എന്റെ ചുമതല ഞാന്‍ എന്റെ പിന്‍ഗാമിയെ ഏല്‍പ്പിച്ചപ്പോള്‍, പ്രയാസപ്പെട്ട ഒരു ഉത്തരവാദിത്വം സുരക്ഷിതമായി മറ്റൊരാള്‍ക്ക് നല്‍കിയതിന്റെ ആശ്വാസം എനിക്കുണ്ടായി". മുന്‍ മാര്‍പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ രാജി ആരുടെയും നിര്‍ബന്ധം മൂലമല്ലെന്നും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നും പുതിയ അഭിമുഖത്തിലും മുന്‍ മാര്‍പാപ്പ ഊന്നി പറയുന്നുണ്ട്. തന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ 'പ്രായോഗിക മാറ്റങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തി' എന്നാണ് ബനഡിക്റ്റ് പതിനാറാമന്‍ വിശേഷിപ്പിക്കുന്നത്. ഒരു ജസ്യൂട്ട് വൈദികനായും, ആര്‍ച്ച് ബിഷപ്പായുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവര്‍ത്തി പരിചയത്തിന്റെ ഗുണം സഭ ഇന്ന് നേരില്‍ അനുഭവിക്കുന്നുണ്ടെന്നും ബനഡിക്റ്റ് പതിനാറാമന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും കര്‍ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ തന്റെ പിന്‍ഗാമിയാകുമെന്നു കരുതിയില്ലെന്നും പോപ് എമിരിറ്റസ് പറഞ്ഞു.
"ദൈവത്തോടും മനുഷ്യരോടുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള അദ്ദേഹമാണ് എന്റെ പിന്‍ഗാമിയാകുവാന്‍ ഏറ്റവും യോഗ്യനെന്ന്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം തന്നെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തീരുമാനം സഭയുടെ തുറവിയേയും പുതിയതിനെ സ്വീകരിക്കുവാനുള്ള മനസിനേയും കാണിച്ചു തരുന്നു". പോപ്പ് എമിരിറ്റസ് പറഞ്ഞു.
1997-ല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു പേസ്‌മേക്കര്‍ ഘടിപ്പിച്ച വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍. 89 വയസ് കഴിഞ്ഞ അദ്ദേഹത്തിന്റെ ഇടതുകണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. താന്‍ ഒരോ ദിവസവും ദൈവത്തിന്റെ വലിയ പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്നു ജര്‍മ്മന്‍കാരനായ ഈ മുന്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക