News - 2024

വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ 10-09-2016 - Saturday

ബെയ്ജിംഗ്: വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. 'ചൈനയിലെ ജെറുസലേം' എന്ന പേരില്‍ അറിയപ്പെടുന്ന വെന്‍സ്ഹൗ രൂപതയുടെ സഹായമെത്രാന്‍ പീറ്റര്‍ ഷാവോ ഷുമിനെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. വെന്‍സ്ഹൗ രൂപതയുടെ മുന്‍ ബിഷപ്പ് വിന്‍സെന്റ് ഷൂ വിഫാംഗ് കാലം ചെയ്തതിനെ തുടര്‍ന്ന് രൂപതയുടെ ചുമതല ഏല്‍ക്കേണ്ട ബിഷപ്പായിരിന്നു പീറ്റര്‍ ഷാവോ ഷുമിന്‍. ബിഷപ്പ് വിന്‍സെന്റിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ക്രമീകരിക്കുന്നതിനിടെയാണ് സഹായമെത്രാനെ പോലീസ് അറസ്റ്റു ചെയ്തത്.

വത്തിക്കാന്‍ നിയമിക്കുന്ന ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ചൈനയില്‍ ശുശ്രൂഷകള്‍ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണ്. എന്നാല്‍ ഇതിന് വിപരീതമായി വത്തിക്കാന്‍ നിയമിക്കുന്ന മിക്ക ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കാറില്ല. കാലം ചെയ്ത ബിഷപ്പിനു പകരമായി വത്തിക്കാന്‍ നിയമിച്ച ബിഷപ്പ് സ്ഥാനമേല്‍ക്കുന്ന ശുശ്രൂഷകള്‍ നടത്തപ്പെടരുതെന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് പുതിയ നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ബിഷപ്പിനെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു കേന്ദ്രത്തിലേക്കും അദ്ദേഹത്തിന്റെ സെക്രട്ടറി ഫാദര്‍ പോള്‍ ജിയാംഗിനെ യുനാന്‍ പ്രവിശ്യയിലേക്കുമാണ് കൊണ്ടുപോയിരിക്കുന്നത്. ഫാദര്‍ പോള്‍ ജിയാംഗിനു ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടില്ല. കാലം ചെയ്ത ബിഷപ്പിന്റെ സംസ്‌കാര ശുശ്രൂഷകള്‍ തടസം കൂടാതെ നടക്കുന്നതിനായിട്ടാണ് ഇവരെ ഇരുവരേയും അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. അതേ സമയം, കാലം ചെയ്ത ബിഷപ്പ് വിന്‍സെന്റ് ഷൂ വിഫാംഗിന്റെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ 400 പേര്‍ക്ക് അനുമതി നല്‍കി.

വെന്‍സ്ഹൗ പട്ടണത്തില്‍ ഒന്നേകാല്‍ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. എല്ലാ വിശ്വാസികളുടെ ഭവനത്തിലും സ്ഥിരമായി പ്രാര്‍ത്ഥന നടക്കാറുള്ളതിനാലാണ് ഈ പട്ടണത്തെ 'ചൈനയിലെ ജെറുസലേം' എന്ന് വിളിക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ ശക്തമായ വളര്‍ച്ച മനസിലാക്കിയ സര്‍ക്കാര്‍ ഈ പ്രദേശത്തെ ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുകയാണ്. ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതും വെന്‍സ്ഹൗയില്‍ നിത്യസംഭവങ്ങളായി മാറിയിക്കുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 79