News - 2025
സിറിയയിലെ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ വെടിവെയ്പ്പ്
പ്രവാചകശബ്ദം 13-06-2025 - Friday
ഹോംസ്; സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘത്തിന്റെ വെടിവെയ്പ്പ്. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് വെടിവെയ്പ്പുണ്ടായത്. രാജ്യം കടന്നുപോകുന്ന നിലവിലെ സാഹചര്യത്തില്‍ സിറിയയിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന ഭയവും അരക്ഷിതാവസ്ഥയും വർദ്ധിപ്പിക്കുന്നതാണ് ആക്രമണമെന്ന് ഹോംസ് അതിരൂപത പ്രസ്താവിച്ചു.
ഹൃദയം നിറഞ്ഞ ദുഃഖത്തോടെയാണ് ദൈവനിന്ദാപരമായ ആക്രമണത്തെ കാണുന്നതെന്ന് ആർച്ച് ബിഷപ്പ് തിമോത്തിയോസ് മത്ത അൽ-ഖൗറി നേതൃത്വം നൽകുന്ന ഹോംസ്, ഹമ, ടാർട്ടസ് സിറിയന്‍ ഓർത്തഡോക്സ് അതിരൂപത പ്രസ്താവിച്ചു. ക്രൂരമായ ആക്രമണത്തെ പൗരസമാധാനത്തിനും സഹവർത്തിത്വത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കുന്നു, അത്തരം പ്രവര്‍ത്തികൾക്ക് ഹോംസ് നഗരത്തിലെ സത്യസന്ധരായ സിറിയക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും, മറിച്ച് ഭിന്നത വിതയ്ക്കാനും അസ്ഥിരത സൃഷ്ടിക്കാനുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും സഭാനേതൃത്വം പ്രസ്താവിച്ചു.
സിറിയയിലെ ചരിത്ര പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരി ഓഫ് ഹോളി ബെൽറ്റ് (ഉം അൽ-സുന്നാർ) കത്തീഡ്രൽ, ഹോംസ്, ഹാമ, ടാർട്ടസ് എന്നിവിടങ്ങളിലെ സിറിയന്‍ ഓർത്തഡോക്സ് ആർച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമാണ്. നിലവിലെ ഘടന 19-ാം നൂറ്റാണ്ടിലേതാണെങ്കിലും, ക്രൈസ്തവ വിശ്വാസം വ്യാപിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകൾ മുതൽ തന്നെ ഈ ദേവാലയം നിലനിന്ന സ്ഥലത്ത് ക്രിസ്ത്യൻ ആരാധനാലയങ്ങൾ നിലനിന്നിരുന്നു. എ.ഡി 478-ൽ തന്നെ ഹോംസിൽ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന ദേവാലയം നിലനിന്നതായും ചരിത്രമുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സിറിയന്‍ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് സഭാനേതൃത്വം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?











