News
മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെത്തി; മാഞ്ചസ്റ്റർ എയർപോർട്ടിൽ പിതാവിന് വമ്പിച്ച സ്വീകരണം
സ്വന്തം ലേഖകന്‍ 18-09-2016 - Sunday
ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ച പുതിയ രൂപതയുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെത്തി. ഇന്നു ഉച്ചകഴിഞ്ഞു 2 മണിക്ക് മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന സ്രാമ്പിക്കൽ പിതാവിന് വൈദികരും വിശ്വാസികളും ചേർന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്.
യുകെയിലെ സീറോമലബാർ സഭ കോഓര്‍ഡിനേറ്റര്‍ ഡോ. തോമസ് പാറയടി, കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ വികാരി ഡോ. മാത്യു ചൂരപൊയ്കയില്‍, ഷൂഷ്ബറി രൂപത ക്നാനായ ചാപ്ലിൻ ഫാ. സജി മലയിൽപുത്തൻപുരയിൽ, ലിവർപൂൾ അതിരൂപത സീറോമലബാർ ചാപ്ലിൻ ഫാ. ജിനോ അരീക്കാട്, സാൽഫോർഡ് രൂപത സീറോമലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ലീഡ്സ് രൂപത സീറോമലബാർ ചാപ്ലിൻ ഫാ. മാത്യു മുളയോലിൽ, ഫാ. സോണി കടന്തോട്, പ്രവാചക ശബ്ദത്തിന്റെ യുകെ എഡിറ്റർ ബാബു ജോസഫ് എന്നിവരും മറ്റ് അല്മായ പ്രതിനിധികളും ചേർന്ന് അദ്ദേഹത്തെ മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു.
സെപ്‌റ്റംബര്‍ ആറിന് റോമിലെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹം പൗരസ്‌ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫക്‌ട് കാര്‍ഡിനല്‍ ലയനാര്‍ദോ സാന്ത്രി, ജനതകളുടെ സുവിശേഷവത്‌കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫക്‌ട് ഫെര്‍ണാണ്ടൊ ഫിലോണി തുടങ്ങി വത്തിക്കാന്‍ കാര്യാലയങ്ങളിലെ ഉന്നതാധികാരികളുമായും ചര്‍ച്ച നടത്തിയതിനു ശേഷമാണ് അവിടെനിന്നും ഇന്ന് ബ്രിട്ടനിൽ എത്തിയത്.
വരും ദിവസങ്ങളിൽ അദ്ദേഹം യുകെയിലെ വിവിധ രൂപതകളിലെ സീറോമലബാർ വിശ്വാസികളെയും വൈദികരെയും സന്ദർശിക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി റോമില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കരുണയുടെ വര്‍ഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം നിയോഗിച്ച കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ്.
പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനര്‍സമര്‍പ്പണം നടത്തുന്ന സുപ്രധാന ചടങ്ങ് ഒക്ടോബര്‍ 8-ാം തിയതി നടക്കും. സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.
പിന്നീട് ഒക്ടോബര്‍ 9-ാം തിയതി ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് മണിക്ക് ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമാകും. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. മുഴുവന്‍ വിശ്വാസികള്‍ക്കും പങ്കെടുക്കുന്നതിനാണ് ഇത്രയും വലിയ വേദി തിരഞ്ഞെടുത്തതെങ്കിലും കരുണയുടെ വര്‍ഷത്തില്‍ ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ ചടങ്ങുകള്‍ ആര്‍ഭാടരഹിതമായി നടത്താനാണ് എല്ലാ കമ്മിറ്റികളും പരിശ്രമിക്കുന്നതെന്നു മീഡിയ കോഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.