News - 2024

ചരിത്രത്തിന്റെ ഭാഗമായ മൊസൂളിലെ അസ്സീറിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു

സ്വന്തം ലേഖകന്‍ 12-10-2016 - Wednesday

മൊസൂള്‍: ഇറാഖിലെ മൊസൂളിനു സമീപമുള്ള കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു. നിനവാ ഗവര്‍ണറേറ്റിന്റെ ഭാഗമായി വരുന്ന ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു തകര്‍ക്കപ്പെട്ട അസ്സീറിയന്‍ ദേവാലയം.

തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ച ശേഷം ദേവാലയം തകര്‍ക്കുകയായിരുന്നു. മുമ്പ് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന പ്രദേശമായിരുന്നു ഇത്. മേഖലയില്‍ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ പലരും പലായനം ചെയ്യുകയായിരിന്നു. ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

ചരിത്ര നഗരമായ പാല്‍മീറ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ ഇതിനു മുമ്പും ഐഎസ് തകര്‍ത്തു കളഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും സമാന രീതിയില്‍ തന്നെ ഐഎസ് നശിപ്പിച്ചിട്ടുണ്ട്. ഇറാഖും, സിറിയയുമെല്ലാം ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ മതത്തിന്റെ ആരംഭ കാലഘട്ടങ്ങളിലുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്.

യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗേറ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധന സ്ഥലങ്ങളും ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു.

ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ട്. തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വസ്തുക്കള്‍ വാങ്ങുന്നത്.

More Archives >>

Page 1 of 91